‘ഞാന്‍ അന്യ സ്ത്രീകളെ തൊടില്ല, മാപ്പ് ‘; ആര്‍. വൈശാലിയ്ക്ക് ഷേക്ക്ഹാന്‍ഡ് നല്‍കാത്തതില്‍ വിശദീകരണവുമായി ഉസ്‌ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍  

ന്യൂഡല്‍ഹി :  ടാറ്റ സ്റ്റീല്‍ ചെസ് ടൂര്‍ണമെന്റിനിടെയുണ്ടായ ഷേക്ക്ഹാന്‍ഡ് വിവാദത്തില്‍ വിശദീകരണവുമായി ഉസ്‌ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ നോദിര്‍ബെക് യാകുബ്ബോവ്. ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്ററും പ്രഗ്നാനന്ദയുടെ സഹോദരിയുമായ ആര്‍ വൈശാലിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കാത്തതാണ് വിവാദമായത്. 

താന്‍ അനാദരവ് കാണിച്ചിട്ടില്ലെന്നും മതപരമായ കാരണങ്ങളാലാണ് തനിക്ക് ഷേക്ക്ഹാന്‍ഡ് നല്‍കാന്‍ കഴിയാതിരുന്നതെന്നുമാണ് വിശദീകരണം. അതില്‍ മാപ്പു പറയുന്നതായും താരം പറഞ്ഞു. 

‘ചെസ്സ് എനിക്ക് ഹറാമല്ല. ഇന്ത്യയിലെ ഏറ്റവും ശക്തരായ ചെസ്സ് കളിക്കാരെന്ന നിലയില്‍ ഞാന്‍ വൈശാലിയെയും സഹോദരനെയും ബഹുമാനിക്കുന്നു. എന്റെ പെരുമാറ്റത്തില്‍ ഞാന്‍ അവരെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ഞാന്‍ ക്ഷമ ചോദിക്കുന്നു. എനിക്ക് വേണ്ടത് ഞാന്‍ ചെയ്യുന്നു. എതിര്‍ലിംഗത്തിലുള്ളവരുമായി ഹസ്തദാനം നടത്തരുതെന്നോ സ്ത്രീകള്‍ ഹിജാബ് അല്ലെങ്കില്‍ ബുര്‍ഖ ധരിക്കുന്നതിനെപ്പറ്റിയോ ഞാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കില്ല. എന്തുചെയ്യണമെന്നത് അവരുടെ താത്പര്യമാണ്,’ അദ്ദേഹം വിശദീകരിച്ചു.

മത്സരം തുടങ്ങുന്നതിനു മുമ്പ് ഹസ്തദാനം നല്‍കാന്‍ വൈശാലി കൈ നീട്ടിയപ്പോള്‍ നോദിര്‍ബെക് യാകുബ്ബോവ് നിരസിക്കുകയായിരുന്നു. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും താരത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് ഉസ്‌ബെക്കിസ്ഥാന്‍ താരം വിശദീകരണം നല്‍കിയത്.

More Stories from this section

family-dental
witywide