
കൊച്ചി: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് സംരക്ഷിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പരാമർശത്തിനെതിരെ അദ്ദേഹത്തിന്റെ്റെ പ്രത്യേകമായ ഉപദേശത്തിന് നന്ദിയെന്ന് സതീശൻ പരിഹസിച്ചു. രാഹുലിനെതിരേ പരാതിയും എഫ്ഐആറും കേസുമില്ല. എന്നിട്ടും ധാർമികതയും സ്ത്രീത്വത്തോടുള്ള ബഹുമാനവും മുൻനിർത്തി കോൺഗ്രസ് നടപടിയെടുത്തു. ലൈംഗികാപവാദക്കേസിൽപെട്ട സഹപ്രവർത്തകരെയും നേതാക്കളെയും ഇതുപോലെ സംരക്ഷിച്ച പിണറായിയേപ്പോലെ വേറൊരു നേതാവ് ഇന്ത്യയിലുണ്ടാകില്ല. ലൈംഗിക അപവാദക്കേസിൽപ്പെട്ട രണ്ടുപേരുണ്ട് മന്ത്രിസഭയിൽ. സിപിഎമ്മിന്റെ മുതിർന്ന നേതാവിനെതിരേയും ലൈംഗികാരോപണം ഉയർന്നിട്ടുണ്ട്. എന്നിട്ട് ആരോപണവിധേയൻ മുഖ്യമന്ത്രിയുടെ അടുത്തയാളായുണ്ട്. പരാതി കൊടുത്ത നേതാവിനെ സൈഡ്‌ലൈൻ ചെയ്തെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്കുവേണ്ടി കൈ ഉയർത്തുന്ന ഒരു എംഎൽഎ റേപ്പ് കേസിൽ പ്രതിയാണ്. ആരാ സംരക്ഷിച്ചിരിക്കുന്നത്. പതിറ്റാണ്ട് മുൻപത്തെ സംഭവമെന്നാണ് പാർട്ടിസെക്രട്ടറി പറഞ്ഞത്. ആരാണ് അതിന് സംരക്ഷണം കൊടുത്തിരിക്കുന്നതെന്നും തനിക്കെതിരേ മുഖ്യമന്ത്രി ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റ് നാലുവിരൽ അദ്ദേഹത്തിന് നെഞ്ചിലേക്കാണ് ചൂണ്ടുന്നതെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു അവതാരം വന്നപ്പോൾ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി എവിടെ ആയിരുന്നു. ആ അവതാരം എത്ര സിപിഎം നേതാക്കൾക്കെതിരേ ആരോപണം ഉന്നയിച്ചു. ഒരു കേസ് എടുത്തോ? അവർക്കെതിരേ മാനനഷ്ടക്കേസ് കൊടുത്തോ. ഒരു മുൻമന്ത്രിയുടെ വാട്ട്സാപ്പ് സന്ദേശം കറങ്ങിനടക്കുകയാണെന്നും സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷത്തെ പഠിപ്പിക്കാൻ വരേണ്ട. പോയി കണ്ണാടി നോക്കണം. ചുറ്റും ആരാ എന്ന് അപ്പോൾ മനസ്സിലാകുമെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പരാമർശിച്ച ഞെട്ടിക്കുന്ന വാർത്തയേക്കുറിച്ചുള്ള ചോദ്യത്തിന്, തിരക്ക് പിടിക്കണ്ട, ഒരുപാട് വാർത്തകൾ വരും. ബിജെപിക്കാരോട് ഞാൻ പറഞ്ഞു, ആ കാളയെ അഴിച്ചുവിടല്ലേ, കാളയെ കൊടുക്കല്ലേ. അതിനെ പാർട്ടി ഓഫീസിന്റെ മുന്നിൽ കെട്ടണം എന്ന്. ഇപ്പോൾ ആവശ്യം വന്നല്ലോ കാളയെക്കൊണ്ട്. കാളയെ ഇനിയും ആവശ്യം വരും. സിപിഎമ്മും സൂക്ഷിക്കണം. ബിജെപി കാളയെ അഴിച്ചുവിടരുത് എന്നാണ് താൻ പറഞ്ഞിരുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.













