
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.
സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്‌ലോർ ബസാണ് (KL 15 A 407) വി.എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസിൽ ജനറേറ്റർ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ആണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂർക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.