
തിരുവനന്തപുരം: വി എസ് അച്യുതാനന്ദനില്ലാത്ത ആദ്യത്തെ ഓണത്തെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് മകന്‍ അരുണ്‍ കുമാര്‍. ‘എല്ലാ ഓണത്തിനും അച്ഛന്റെ കൂടെ ഉണ്ടാവുക, അച്ഛനൊപ്പം കുടുംബത്തോടെ ഓണസദ്യ കഴിക്കുക എന്ന ഭാഗ്യം നഷ്ടപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം മനസ്സിനിപ്പോഴും അംഗീകരിക്കുന്നില്ലെന്ന് അരുണ്‍ പറയുന്നു. ഓരോ ഓണവും, അച്ഛന്‍ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും അച്ഛനോടൊപ്പമായിട്ടേ അനുഭവപ്പെട്ടിട്ടുള്ളു. ഇനി, പുന്നപ്രയ്ക്ക് പോകണം. അവിടെ, വീട്ടിലും വലിയ ചുടുകാട്ടിലും നിറയെ ആളുകളാണ് വരുന്നത്. അവരെ കാണണം. സംസാരിക്കണം എന്നും അരുണ്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അരുണ്‍ കുമാറിന്റെ കുറിപ്പ് പൂര്‍ണ രൂപത്തിൽ
അച്ഛനില്ലാത്ത ആദ്യത്തെ ഓണം. എല്ലാ ഓണത്തിനും അച്ഛന്റെ കൂടെ ഉണ്ടാവുക, അച്ഛനൊപ്പം കുടുംബത്തോടെ ഓണസദ്യ കഴിക്കുക എന്ന ഭാഗ്യം നഷ്ടപ്പെട്ടു എന്ന യാഥാർത്ഥ്യം മനസ്സിനിപ്പോഴും അംഗീകരിക്കുന്നില്ല. ഓരോ ഓണവും, അച്ഛൻ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും അച്ഛനോടൊപ്പമായിട്ടേ അനുഭവപ്പെട്ടിട്ടുള്ളു. ഇനി, പുന്നപ്രയ്ക്ക് പോകണം. അവിടെ, വീട്ടിലും വലിയ ചുടുകാട്ടിലും നിറയെ ആളുകളാണ് വരുന്നത്. അവരെ കാണണം. സംസാരിക്കണം….അച്ഛൻ രോഗാവസ്ഥയിലാവുന്നതിനു മുമ്പുള്ള ഓണങ്ങളെല്ലാം ആലപ്പുഴ വീട്ടിലായിരുന്നു. പണ്ട് മുതൽക്കേ ഞങ്ങളുടെ ഓണാഘോഷങ്ങളെല്ലാം ആലപ്പുഴ വീട്ടിലാണ്. അച്ഛൻ മുഖ്യമന്ത്രിയായപ്പോഴും അതിനു മുമ്പും പിന്നീടുമെല്ലാം ഞങ്ങളുടെ ഓണം ആലപ്പുഴയിലാണ്. ഓണ നാളുകളിൽ അച്ഛൻ വീട്ടിൽ ഉണ്ടാകുമെന്ന് അറിഞ്ഞ് വരുന്നവർ, അച്ഛന്റെകൂടെയുണ്ടായിരുന്ന പഴയ സഖാക്കളുടെ കുടുംബാംഗങ്ങൾ, ഞങ്ങളുടെ ബന്ധുക്കൾ, കുടുംബ സുഹൃത്തുക്കൾ, നാട്ടുകാർ….. ആ ഗതകാല സ്മരണകളെല്ലാം തെളിമയോടെ മനസ്സിൽ നിൽക്കുന്നുണ്ട്.മകൻ എന്ന നിലയിൽ അച്ഛനെ ഓർക്കുന്നതിനെക്കാൾ തീവ്രമായി ആ ദ്വൈയക്ഷരിയെ ഓർക്കുകയും മനസ്സിൽ കൊണ്ടുനടക്കുകയും ചെയ്യുന്നവരുണ്ട്. പലരും സന്ദേശങ്ങളയക്കുകയും വിളിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരോടും നന്ദി അറിയിക്കുന്നു. സമൃദ്ധിയുടെ ഈ പൊന്നോണക്കാലത്തും അച്ഛന്റെ നഷ്ടം മനസ്സിൽ പേറുന്ന എല്ലാവർക്കും ഓണാശംസകൾ നേരുന്നു.










