വെനിസ്വേലന്‍ മയക്കുമരുന്ന് കടത്ത് ബോട്ടില്‍ അമേരിക്കയുടെ ആക്രമണം; വിമര്‍ശകരെ തള്ളി ജെഡി വാന്‍സ് തള്ളിക്കളഞ്ഞു

ന്യൂഡല്‍ഹി: കരീബിയന്‍ കടലില്‍ വെനിസ്വേലന്‍ മയക്കുമരുന്ന് കടത്ത് ബോട്ടില്‍ അമേരിക്ക നടത്തിയ മാരകമായ വ്യോമാക്രമണത്തെ ന്യായീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. വിമര്‍ശകര്‍ ഇതിനെ യുദ്ധക്കുറ്റം എന്ന് വിളിച്ചാലും അത് കാര്യമാക്കാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ”നമ്മുടെ പൗരന്മാരെ വിഷലിപ്തമാക്കുന്ന മയക്കുമരുന്ന് കടത്തുകാരെ കൊല്ലുന്നത് നമ്മുടെ സൈന്യത്തിന്റെ ഏറ്റവും ഉയര്‍ന്നതും മികച്ചതുമായ ഉപയോഗമാണ്”- ജെഡി വാന്‍സ് എക്സില്‍ എഴുതി.

മയക്കു മരുന്ന് കടത്തുന്നുവെന്ന് ആരോപിച്ച് വെനിസ്വേലയുടെ തീരത്ത് ഒരു കപ്പല്‍ യുഎസ് സൈന്യം ആക്രമിച്ച് തകര്‍ക്കുകയും 11 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ട്രെന്‍ ഡി അരാഗ്വ എന്ന വിദേശ തീവ്രവാദ സംഘത്തിന്റെ കപ്പലായിരുന്നു അതെന്നും 11 അംഗങ്ങള്‍ കൊല്ലപ്പെട്ടതായും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. അന്താരാഷ്ട്ര ജലപാതയിലൂടെ അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി ബന്ധമുള്ള മയക്കുമരുന്ന് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ട്രംപ് പറഞ്ഞിരുന്നു.

യുഎസിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും ട്രംപ് പറഞ്ഞു. ‘ദയവായി ഇത് അമേരിക്കയിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ആര്‍ക്കും ഒരു മുന്നറിയിപ്പായിരിക്കട്ടെ ഇത്, സൂക്ഷിക്കുക!’- ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

കരീബിയനില്‍ ഒരു വലിയ യുഎസ് നാവിക സേന നിലവില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 4,500-ലധികം മറൈന്‍ സൈനികരും നാവികരും ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ ഘടിപ്പിച്ച നാല് ഡിസ്‌ട്രോയറുകളും ഇവിടെയുണ്ട്. അതേസമയം, അമേരിക്ക തന്റെ സര്‍ക്കാരിനെതിരെ സൈനിക നടപടി ശക്തമാക്കുകയാണെന്ന് മഡുറോ ആരോപിച്ചു. ട്രംപിന്റെ ഭരണകൂടം ‘സൈനിക ഭീഷണിയിലൂടെ ഭരണമാറ്റത്തിന് ശ്രമിക്കുകയാണെന്നായിരുന്നു മഡുറോ ആരോപിച്ചത്. ഏത് ഏറ്റുമുട്ടലിനോടും പ്രതികരിക്കാന്‍ വെനിസ്വേലയുടെ സായുധ സേന സജ്ജമാണ് എന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide