കേരളത്തിൽ ‘സൂംബ’ വിവാദം, സ്‌കൂളിൽ പറ്റില്ലെന്ന് വിവിധ മുസ്ലീം സംഘടനകള്‍, മതവിരുദ്ധമെന്ന് സമസ്ത; 21 -ാം നൂറ്റാണ്ടായെന്ന് മന്ത്രി ബിന്ദു, തിരുത്തമെന്ന സൂചനയുമായി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന സൂംബ ഡാൻസ് പരിപാടിക്കെതിരെ വിവിധ മുസ്ലിം സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നു. ഈ വർഷം മുതൽ സ്കൂളുകളിൽ ആരംഭിച്ച സൂംബ ഡാൻസ്, വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുക, ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആരംഭിച്ചത്. എന്നാൽ ചില മുസ്ലിം സംഘടനകൾ ഇത് സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങൾക്ക് എതിരാണെന്ന വാദവുമായി രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്.

ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്കൂളുകളിൽ സുംബാ ഡാൻസ് പരിശീലനം തുടങ്ങിയത്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ച നിർദ്ദേശമനുസരിച്ച് ഇന്നലെ മുതൽ പല സ്കൂളുകളിലും സുംബാ പരിശീലനം നടന്നു. ഇത് മതത്തിന് എതിരാണെന്നാണ് ഇ കെ സുന്നി വിഭാഗത്തിൻറെ വാദം. മതവിരുദ്ധ നീക്കമെന്നാണ് ഇ കെ സുന്നി വിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടത്. ഇ കെ സുവിഭാഗത്തിന് പുറമേ മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. സ്കൂളുകളിൽ ഇത് നടപ്പിലാക്കാൻ അനുവദിക്കില്ല എന്നാണ് ഇവരുടെ നിലപാട്. സർക്കാർ തീരുമാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ന്യായീകരിച്ചെങ്കിലും പാർട്ടി സെക്രട്ടറി തീരുമാനം പിൻവലിക്കാമെന്ന സൂചനയാണ് നൽകിയത്. നമ്മൾ ജീവിക്കുന്നത് 2025 ലാണ്, 19-ാം നൂറ്റാണ്ടിലോ മധ്യകാലഘട്ടത്തിലോ അല്ലെന്നും എല്ലാവരും കാലത്തിനനുസരിച്ച് ചിന്തിക്കണമെന്നുമാണ് മന്ത്രി ആ‌ർ ബിന്ദു പറഞ്ഞത്. എന്നാൽ വിവാദം പരിശോധിക്കുമെന്നും വേണ്ട തിരുത്തലുകൾ വരുത്തുമെന്നുമാണ് പാർട്ടി സെക്രട്ടറി വ്യക്തമാക്കിയത്.

മതസംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങരുതെന്ന് മുസ്ലിം വനിതാ സംഘടനയായ നിസയുടെ നേതാവ് വി പി സുഹറ ആവശ്യപ്പെട്ടു. സമസ്തയിലെ ലീഗ് പക്ഷമാണ് വിവാദമുയർത്തിയതെങ്കിലും തൽക്കാലം തർക്കം രൂക്ഷമാക്കേണ്ട എന്നാണ് സർക്കാർ നിലപാട്. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മത സംഘടനകളും ആയി ഏറ്റുമുട്ടേണ്ടതില്ല എന്ന നിലപാടിലാണ് സിപിഎം. ചുരുക്കത്തിൽ ജണ്ടർ യൂണിഫോമിനും സ്കൂൾ സമയമാറ്റത്തിനും പിന്നാലെ ഒരിക്കൽ കൂടി മതസംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടിവരുമെന്ന അവസ്ഥയിലാണ് പിണറായി സർക്കാർ.

More Stories from this section

family-dental
witywide