
വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം പ്രഖ്യാപിച്ച് വത്തിക്കാൻ. മാർപാപ്പ നവംബർ 27 മുതൽ 30 വരെ തുർക്കിയും തുടർന്ന് ഡിസംബർ രണ്ട് വരെ ലബനനും സന്ദർശിക്കും. നിഖ്യാ എക്യുമെനിക്കൽ സൂനഹദോസിന്റെ 1700 ആം വാർഷികത്തോടനുബന്ധിച്ചാണ് തുർക്കി സന്ദർശനമെന്നും തുർക്കി സന്ദർശനവേളയിൽ പുരാതന നഗരമായ ഇസ്നിക്കിലേക്ക് മാർപാപ്പ തീർഥാടനം നടത്തുമെന്നും വത്തിക്കാൻ അറിയിച്ചു.
പ്രസിഡന്റ് തയ്യിപ് എർദൊഗാൻ മാർപാപ്പയെ തുർക്കി സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പയും 2014ൽ തുർക്കി സന്ദർശിച്ചിരുന്നു. തുർക്കി സന്ദർശിക്കുന്ന അഞ്ചാമത്തെ മാർപാപ്പയാണ് ലിയോ പതിനാലാമൻ മാർപാപ്പ. അതേസമയം, പ്രസിഡൻ്റ് ജോസഫ് ഔനിന്റെ ക്ഷണപ്രകാരമാണ് മാർപാപ്പ ലബനൻ സന്ദർശിക്കുന്നത്. മാർപാപ്പയുടെ സന്ദർശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്‌ടർ മത്തേയോ ബ്രൂണി അറിയിച്ചു.