
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് ജനപ്രവാഹം. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പൊതുദർശനം അക്ഷരാർത്ഥത്തിൽ കണ്ണീർ കടലായി മാറിയിട്ടുണ്ട്. പതിനായിരങ്ങളാണ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അന്ത്യാഞ്ജലി അർപ്പിച്ചത് ആയിരങ്ങളാണ്. ഇന്ത്യയുടെ ദുഃഖം നേരിട്ടറിയിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. വെള്ളിയാഴ്ച രാഷ്ട്രപതി മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മാർപാപ്പയുടെ സംസ്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണമായിരിക്കും. ശനിയാഴ്ച സംസ്കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അർപ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിനായിരിക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്.