
ഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന്റെ ഇടപെടൽ തേടി നിവേദനം. സേവ് നിമിഷ പ്രിയ ഗ്ലോബൽ ആക്ഷൻ കൗൺസിലിന്റെ വൈസ് ചെയർപേഴ്സൻ അഡ്വ. ദീപ ജോസഫാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോപോൾദോ ജിറെല്ലിയ്ക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിച്ചത്. യെമനി പൗരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 2025 ജൂലൈ 16-ന് ശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാനായി യെമനിലെ മുസ്ലിം മതപണ്ഡിതർ വഴി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ശ്രമം ശക്തമാക്കിയതിന് പിന്നാലെയാണ് വത്തിക്കാന്‍റെ ഇടപെടൽ തേടി നിവേദനം എത്തിയത്. വത്തിക്കാൻ കൂടി രംഗത്തെത്തിയാൽ നിമിഷ പ്രിയക്ക് രക്ഷയുണ്ടാകുമെന്നാണ് പ്രതീക്ഷ. നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വത്തിക്കാന് നിവേദനം നൽകിയതെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.
നിമിഷയുടെ കേസിൽ നീതി ഉറപ്പാക്കാനും ശിക്ഷയിൽ ഇളവ് ലഭിക്കാനും വത്തിക്കാന്റെ സ്വാധീനം ഉപയോഗിക്കണമെന്നാണ് ആവശ്യം. നേരത്തെ, നിമിഷയെ മോചിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷ ഭർത്താവ് ടോമി തോമസ് പ്രകടിപ്പിച്ചിരുന്നു. ഈ നിവേദനം നിമിഷയുടെ കേസിൽ അന്തിമ തീരുമാനത്തിന് മുമ്പ് നിർണായകമായ ഇടപെടലിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.












