വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രീംകോടതി

ഡൽഹി : കേരളത്തിലെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രിംകോടതി. രണ്ട് സര്‍വകലാശാലകളിലെയും വിസി നിയമനം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഒരു മാസത്തിനുള്ളില്‍ നടപടികളില്‍ പുരോഗതി അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. സര്‍ക്കാരും ചാന്‍സിലറും സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ കൈമാറി. ഗവര്‍ണര്‍ നിര്‍ദേശിച്ച പേരുകളില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തു നിന്നുള്ളവരാണ്. സര്‍ക്കാരും ചാന്‍സിലറും നല്‍കിയ പട്ടികയില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ രണ്ട് സര്‍വകലാശാലകള്‍ക്കുമായുള്ള കമ്മിറ്റി രൂപീകരിക്കും. രണ്ടു പേര്‍ ചാന്‍സിലറുടെ നോമിനി, രണ്ടുപേര്‍ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിലാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുക.