
സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു മലയാളി സിപിഎം ജനറൽ സെക്രട്ടറിയാകുന്നതിൽ സന്തോഷമെന്നാണ് സതീശൻ അഭിപ്രായപ്പെട്ടത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യാ മുന്നണിയുടെ ഭാഗമായി നിന്ന് വർഗീയ ശക്തികൾക്കെതിരെ അദ്ദേഹം നിലപാട് എടുക്കും എന്നാണ് കരുതുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. പ്രകാശ് കാരാട്ടും പിണറായി വിജയനും പുറത്ത് നിന്ന് നിയന്ത്രിച്ചാൽ എം.എ. ബേബിക്ക് ആ നിലപാടുമായി മുന്നോട്ട് പോകാൻ പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ബിജെപി നവ ഫാസിസ്റ്റ് കക്ഷി പോലും അല്ലെന്ന കണ്ടുംപിടുത്തം നടത്തിയ ആളാണ് പ്രകാശ് കാരാട്ട് എന്ന് വി.ഡി. സതീശൻ പറഞ്ഞു. അതിന് പിന്തുണ കൊടുത്തയാളാണ് പിണറായി. അവരുടെ മനസിലുള്ളത് മുഴുവൻ കോൺഗ്രസ് വിരുദ്ധതയാണ്. ബിജെപിയുമായി കോംപ്രമൈസ് ചെയ്താലും കോൺഗ്രസിനെ തകർക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. അവരുടെ ദൂഷിത വലയത്തിൽപ്പെടാതെ മുന്നോട്ട് പോയാൽ എം.എ. ബേബിക്ക് മതേതര നിലപാട് സ്വീകരിക്കാൻ കഴിയും. അവരുടെ ദൂഷിത വലയത്തിൽപ്പെടാതെ അദ്ദേഹം സൂക്ഷിക്കണം എന്നാണ് തനിക്ക് പറയാനുള്ളതെന്നും സതീശൻ പറഞ്ഞു.