
കൊച്ചി: യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്താണ് സതീശന്റെ പ്രഖ്യാപനം.
വെള്ളാപ്പള്ളി ആർക്കുവേണ്ടിയാണ് പറയുന്നത് എനിക്ക് അറിയില്ല. താൻ ശ്രീനാരായണ ദർശനങ്ങളിൽ വിശ്വസിക്കുന്നവനാണ്. 90 വയസിന് അടുത്തെത്തിയ വെള്ളാപ്പള്ളിക്ക് അതേ ഭാഷയിൽ മറുപടി നൽകാനില്ലെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
സതീശന്റെ വാക്കുകൾ
വെള്ളാപ്പള്ളി ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയില്ല. ഞാന്‍ അദ്ദേഹവുമായി മത്സരിക്കാനോ തര്‍ക്കത്തിനോ പോകുന്നില്ല. എന്നാല്‍ ഇതിനിടയ്ക്ക് അദ്ദേഹം ഒരു സത്യം തുറന്നു പറഞ്ഞു; 98 സീറ്റ് യു.ഡി.എഫിന് കിട്ടിയാല്‍ അദ്ദേഹം രാജിവയ്ക്കുമെന്ന്. അപ്പോള്‍ 97 സീറ്റുകള്‍ വരെ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. സംസ്ഥാനത്തെ രാഷ്ട്രീയം സൂഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹത്തെ പോലെ പരിണിത പ്രജ്ഞനായ ഒരു സമുദായ നേതാവ് യു.ഡി.എഫിന് 97 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കി നാലഞ്ച് സീറ്റ് കൂടി കിട്ടിയാല്‍ നൂറ് കവിയും. ഞങ്ങള്‍ കഠിനാദ്ധ്വാനം ചെയ്ത് അത് നൂറില്‍ അധികം സീറ്റുകളാക്കും. പക്ഷെ അദ്ദേഹവുമായി ഒരു വെല്ലുവിളിക്കുമില്ല. യു.ഡി.എഫിനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചു കൊണ്ടു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. യു.ഡി.എഫിനെ നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ച് കൊണ്ടു വരാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകും. പിന്നെ നിങ്ങള്‍ എന്നെ കാണില്ല.
യു.ഡി.എഫ് നൂറിലധികം സീറ്റില്‍ വിജയിച്ചാലും വെള്ളാപ്പള്ളി സ്ഥാനം രാജിവയ്ക്കരുത്. അദ്ദേഹം ആജീവനാന്തം ആ സ്ഥാനത്ത് തുടരണം. പക്ഷെ അദ്ദേഹം പറഞ്ഞ കാര്യം ഞാന്‍ ചെയ്യും. വെള്ളാപ്പള്ളിക്കെതിരെ ഇതുവരെ ഒരു മോശം വാക്കും പറഞ്ഞിട്ടില്ല. ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. പക്ഷെ നാട്ടില്‍ ആരെങ്കിലും വിദ്വേഷത്തിന്റെ കാമ്പയിന്‍ നടത്താന്‍ ആര് ശ്രമിച്ചാലും അതിനെ യു.ഡി.എഫ് തടയും. സി.പി.എമ്മിനെ പോലുള്ള പ്രസ്താവനയൊന്നും ഞങ്ങള്‍ ഇറക്കില്ല. അവര്‍ എഴുതിയ പ്രസ്താവന ആര്‍ക്ക് വേണ്ടിയാണെന്ന് എഴുതി ആള്‍ക്കു പോലും അറിയില്ല. ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയതകളെ എതിര്‍ക്കുമെന്നത് ടീം യു.ഡി.എഫിന്റെ തീരുമാനമാണ്. വര്‍ഗീയത പറഞ്ഞല്ല യു.ഡി.എഫ് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഈ തകര്‍ച്ചയില്‍ നിന്നും കേരളത്തെ രക്ഷിക്കുമെന്ന് പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. കേരളത്തെ രക്ഷിക്കാനുള്ള പദ്ധതികളും പരിപാടികളും സമയമാകുമ്പോള്‍ പ്രഖ്യാപിച്ച് നല്ല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരും. ആര്‍ക്കു വേണ്ടിയാണ് വെള്ളാപ്പള്ളി ആര്‍ക്കു വേണ്ടിയാണ് പറയുന്നതെന്ന് അറിയില്ല. വര്‍ഗീയ വിദ്വേഷത്തെയാണ് എതിര്‍ക്കുന്നത്. അല്ലാതെ വ്യക്തികളോടോ സമുദായങ്ങളോടോ ഒരു പ്രശ്‌നവുമില്ല. എല്ലാ സമുദായങ്ങളുമായി നല്ല ബന്ധവും സൗഹാര്‍ദ്ദവുമാണ്. എന്നെക്കുറിച്ച് പറയാന്‍ ഉപയോഗിച്ച ഭാഷയില്‍ മറുപടി പറയാനാകില്ല. ഞാന്‍ ഇരിക്കുന്ന കസേരയോട് എനിക്ക് നല്ല ബഹുമാനമുണ്ട്. ആ കസേരയില്‍ ഇരുന്ന് അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. 90 വയസിന്റെ അടുത്ത് നില്‍ക്കുന്ന ആളാണ് ഇതെല്ലാം പറഞ്ഞത്. അങ്ങനെയുള്ള ആളോട് മോശമായി ഒന്നും പറയാന്‍ പാടില്ലെന്ന ഔചിത്യം ഞാന്‍ കാണിക്കണം.