
ഇടുക്കി: കേരളത്തെ ഞെട്ടിക്കുന്ന ഒരു വാർത്ത സിപിഎമ്മിനെതിരെ ഉടൻ പുറത്തുവരുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബോംബുകൾ എല്ലാ ദിവസവും വീഴുന്നതും ഇനി വീഴാൻ പോകുന്നതും കോൺഗ്രസിലും യുഡിഎഫിലുമാണെന്ന് ഗോവിന്ദൻ ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സതീശന്റെ വാക്കുകൾക്ക് സിപിഎം ഭയപ്പെടുന്നില്ലെന്നും, ഏത് ആരോപണം വന്നാലും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ നിലപാടോടെ പാർട്ടി മുന്നോട്ടുപോകുന്നുവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജി വെച്ചാൽ പലരുടെയും രഹസ്യങ്ങൾ പുറത്തുപറയുമെന്ന രാഹുലിന്റെ ഭീഷണിയെ തുടർന്ന് നേതാക്കൾ നിലപാട് മാറ്റിയെന്ന് ഗോവിന്ദൻ ആരോപിച്ചു. വി ഡി സതീശൻ, ഷാഫി പറമ്പിൽ എന്നിവർ ഉൾപ്പെടുന്ന ‘ത്രിമൂർത്തികൾ’ ആണ് ഈ പുതിയ നിലപാടിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഡി സതീശൻ പറഞ്ഞത്
ബി.ജെ.പിക്കാരോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. ഇന്നലെ ഒരു കാളയുമായി കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അതിനെ പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസം തന്നെ അതിനെക്കൊണ്ട് ബി.ജെ.പിക്ക് ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി ഉടനെയുണ്ടാകും. അതുകൊണ്ട് കാളയെ കളയരുത്. കാളയെ പാര്‍ട്ടി ഓഫീസിന്റെ മുന്നില്‍ തന്നെ കെട്ടിയിടണം. ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്, സി.പി.എമ്മും അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകുന്ന വാര്‍ത്തകളുണ്ടാകും. തിരഞ്ഞെടുപ്പിനൊക്കെ ഇനിയും ഒരുപാട് ദിവസമുണ്ട്.