കൊച്ചി: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും റാപ്പർ വേടൻ വ്യക്തമാക്കി. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വതന്ത്ര സംഗീതത്തിനുള്ള സർക്കാർ അംഗീകാരമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മന്ത്രി തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണെന്നും ഇത്തരം വാർത്തകൾ തന്നെ വേദനിപ്പിക്കുന്നുവെന്നും വേടൻ കൂട്ടിച്ചേർത്തു.
നേരത്തെ മന്ത്രിയുടെ ‘വേടനു പോലും അവാർഡ് നൽകി’ എന്ന പരാമർശം അപമാനകരമാണെന്നും പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ പ്രതികരിച്ചിരുന്നു. ഈ പരാമർശത്തിലാണ് ഇപ്പോൾ വേടൻ തിരുത്തൽ വരുത്തിയത്. കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും വേടൻ പറഞ്ഞു. വിമർശനങ്ങൾ സ്വീകരിക്കുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും വേടൻ വ്യക്തമാക്കി.
‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിലെ ‘കുതന്ത്രം’ ഗാനത്തിനാണ് വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചത്. ലൈംഗികപീഡന ക, ലഹരി കേസുകൾ നേരിടുന്നയാൾക്ക് അവാർഡ് നൽകിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ പുരസ്‌കാരം രാഷ്ട്രീയ പിന്തുണയുടെ ഭാഗമല്ലെന്നും താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും വേടൻ ആവർത്തിച്ചു.











