‘1.72 കോടിയുടെ കാര്യത്തിൽ ധനമന്ത്രിയെ കൊണ്ട് പോലും കള്ളം പറയിപ്പിച്ചു’, വീണ വിജയന് ജിഎസ്ടി രജിസ്‌ട്രേഷന്‍ പോലും ഇല്ലെന്നും മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ സംരക്ഷിക്കാന്‍ സി പി എം ധനമന്ത്രി കെ എന്‍ ബാലഗോപാലിനെകൊണ്ട് കള്ളം പറയിച്ചെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. സി.എം.ആര്‍.എല്ലില്‍ നിന്ന് എക്‌സാലോജിക് കമ്പനിയിലേക്ക് പോയത് അഴിമതി പണം ആണെന്നാണ് എസ്.എഫ്.ഐ.ഒ കോടതിയില്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ വിജിലന്‍ അന്വേഷണം വേണമെന്നായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്ന് കുഴല്‍നാടന്‍ പറഞ്ഞു. 1.72 കോടി രൂപയില്‍, ജി.എസ്.ടി അടയ്ക്കും മുന്‍പ് എത്ര രൂപ വീണയ്ക്ക് ലഭിച്ചത് അന്വേഷിക്കണം. 1.72 കോടി രൂപയ്ക്ക് മുഴുവനായി നികുതി അടച്ചെന്ന് ആരും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക നിലപാട് എന്താണെന്ന് പറയണം. മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ യോഗ്യനാണോയെന്നും കുഴല്‍നാടന്‍ ചോദിച്ചു.

കുഴൽനാടന്‍റെ വാക്കുകൾ

വീണ സി.എം.ആര്‍.എല്ലില്‍ നിന്നും കിട്ടിയ പണത്തിന് സേവന നികുതി അടച്ചിട്ടില്ല. ജി.എസ്.ടി നിലവില്‍ വന്നത് 2017ലാണ് .അതിന് മുന്‍പ് വീണയ്ക്ക് നികുതി അടയ്ക്കണമെങ്കില്‍ സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. എന്നാല്‍ വീണയ്ക്ക് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ല. ബംഗളൂരു കമ്മീഷണറേറ്റ് ടാക്‌സില്‍ നിന്നും ഇത് തെളിയിക്കുന്ന വിവരാവകാശ രേഖ ഇന്ദിരാ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാത്യു കുഴല്‍നാടന്‍ പുറത്ത് വിട്ടു. മകളുടെ കമ്പനി നടത്തിയത് സേവനമാണ് അതിന് നികുതി നല്‍കിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. രണ്ട് കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടുകളാണ് ഇതിന് നിയമപരമായ നികുതി നല്‍കിയിട്ടുണ്ട്. ആ നികുതി നല്‍കിയത് കൊണ്ട് ഇത് അഴിമതി അല്ലെന്നായിരുന്നു സിപിഎമ്മിന്റെ വാദം. 1.72 കോടി രൂപയ്ക്ക് നികുതിയടച്ചു എന്ന ചോദ്യത്തിന് നിയമപ്രകാരം സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടി എന്നായിരുന്നു ധനമന്ത്രി പറഞ്ഞത് . അക്കാര്യത്തില്‍ പരിശോധന ആവശ്യപ്പെട്ട് ധനമന്ത്രിക്കു താന്‍ കത്ത് നല്‍കിയിരുന്നു വെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. താന്‍ ജി.എസ്.ടി വിഷയം ഉന്നയിച്ചത് വലിയ പിഴവായി പോയെന്നും അത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വീണയ്ക്കും മുന്‍തൂക്കം കിട്ടിയെന്നുവരെ മാധ്യമങ്ങള്‍ വിധി പ്രസ്താവിച്ചിരുന്നു .നികുതി അടച്ച രേഖ കിട്ടിയെന്നുവരെ മാധ്യമങ്ങള്‍ പറഞ്ഞു. ചില പോരാട്ടങ്ങളില്‍ ദൈവം കൂടെ നില്‍ക്കും.മാസപ്പടി കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide