
തിരുവനന്തപുരം: കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്‍റെ അംഗീകാരമായി ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് ക്ഷണം. പാര്‍ലമെന്‍റിന്‍റെ ആദരവ് ഏറ്റുവാങ്ങുന്നതിനും വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനുമാണ് ക്ഷണിച്ചിരിക്കുന്നത്. ജൂണ്‍ 19ന് വിക്ടോറിയന്‍ പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് മന്ത്രി പങ്കെടുക്കുക. ഇത്തരമൊരു അവസരം സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് അപൂര്‍വമായാണ് ലഭിക്കുന്നത്.
കേരളവും വിക്ടോറിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഈ കാലയളവില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. സന്ദര്‍ശനത്തോടനുബന്ധിച്ച് മന്ത്രി വീണാ ജോര്‍ജ് വിക്ടോറിയയിലെ ആരോഗ്യ വകുപ്പ് മന്ത്രി, വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തും. മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ ആരോഗ്യ മേഖലയേയും പ്രത്യേകിച്ച് ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനേയും സമിതി അഭിനന്ദിച്ചു.