
ആലപ്പുഴ: ആവേശത്തിന്‍റെ കൊടുമുടി കയറിയ 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജേതാക്കൾ. പുന്നമടക്കായലിലെ ഫൈനൽ പോരാട്ടത്തിൽ, ഫോട്ടോ ഫിനിഷിലൂടെയാണ് വീയപുരം ചുണ്ടൻ ഒന്നാമതെത്തിയത്. വിബിസി കൈനകരി തുഴഞ്ഞ വീയപുരം, മേൽപ്പാടം, നിരണം, നടുഭാഗം എന്നീ വള്ളങ്ങളെ പിന്തള്ളിയാണ് കപ്പിൽ മുത്തമിട്ടത്. കഴിഞ്ഞ തവണ മില്ലി സെക്കന്‍റിന് കൈവിട്ട കിരീടം തിരിച്ചു പിടിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബിന്‍റെ കരുത്തിൽ വീയപുരം ചുണ്ടൻ നെഹ്റു ട്രോഫി വള്ളംകളിയിൽ കന്നിക്കിരീടമാണ് സ്വന്തമാക്കിയത്.
21 ചുണ്ടൻവള്ളങ്ങളടക്കം 71 വള്ളങ്ങൾ പങ്കെടുത്ത ഈ വർഷത്തെ മത്സരത്തിൽ, കൃത്യമായ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കാൻ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി, തർക്കങ്ങൾ ഒഴിവാക്കാൻ വെർച്വൽ ലൈനോടുകൂടിയ ഫിനിഷിങ് സംവിധാനവും ഒരുക്കിയിരുന്നു. അതിനിടെ, ഫൈനലിൽ മത്സരിച്ച നടുഭാഗം ചുണ്ടനിൽ നിയമവിരുദ്ധമായി ഇതരസംസ്ഥാന തൊഴിലാളികളെ തുഴച്ചിലിന് ഉപയോഗിച്ചെന്ന് ആരോപിച്ച് യുബിസിയും പിബിസിയും സംഘാടകർക്ക് പരാതി നൽകിയിട്ടുണ്ട്.