
ഹ്യൂസ്റ്റൺ: പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരായ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായി ഈ ആഴ്ച വെനിസ്വേലയ്ക്ക് സമീപം യുഎസ് പിടിച്ചെടുത്ത ഓയിൽ സൂപ്പർടാങ്കർ സ്കിപ്പർ ഹ്യൂസ്റ്റണിലേക്ക് മാറ്റുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
TankerTrackers.com വിശകലനം ചെയ്ത ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, ക്രൂഡ് ഓയിൽ ടാങ്കറിൽ വെനിസ്വേലയുടെ മെറി ഹെവി ക്രൂഡിന്റെ ഏകദേശം 1.85 ദശലക്ഷം ബാരൽ ഉണ്ടെന്നാണ് കരുതുന്നത്. അതേസമയം, ഹ്യൂസ്റ്റൺ കപ്പൽ പാത ഇടുങ്ങിയതാണെന്നും കടന്നുപോകാൻ ഇത് ബുദ്ധിമുട്ടുമെന്നും, അതിനാൽ സമീപത്ത് നങ്കൂരമിടുകയും ചെറിയ കപ്പലുകളിലേക്ക് ചരക്ക് ഇറക്കുകയും ചെയ്യേണ്ടിവരുമെന്നും തുറമുഖം അറിയിച്ചു.
എന്നാൽ, M/V SKIPPER ഹ്യൂസ്റ്റൺ തുറമുഖത്തേക്ക് വരുമെന്ന് സൂചിപ്പിക്കുന്ന അറിയിപ്പുകളോ ഏജന്റ് ഫയലിംഗുകളോ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഗ്രേറ്റർ ഹ്യൂസ്റ്റൺ പോർട്ട് ബ്യൂറോയുടെ പ്രസിഡന്റ് എറിക് കരേരോ പറഞ്ഞു.
കപ്പൽ കണ്ടുകെട്ടുമെന്ന വാറൻ്റ് പുറപ്പെടുവിച്ചിരുന്നെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. പെന്റ്റഗണിൻ്റെ അനുമതിയോടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), യുഎസ് കോസ്റ്റ് ഗാർഡ് എന്നിവയാണ് വാറന്റ് പുറപ്പെടുവിച്ചതെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി പറഞ്ഞു. യുഎസ് സൈനികർ ഹെലികോപ്ടർ വഴി കപ്പലിലേക്ക് ഇറങ്ങുന്നതിന്റെ വിഡിയോ ദൃശ്യവും ബോണ്ടി എക്സിൽ പങ്കുവച്ചിരുന്നു. ഇതിനിടെ, വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്നായിരുന്നു ട്രംപ് പറഞ്ഞത്. യുഎസ് വൈകാതെ വെനസ്വേലയ്ക്കെതിരെ കരയുദ്ധം ആരംഭിച്ചേക്കുമെന്ന സൂചനയായാണ് ഇതിനെ പലരും കാണുന്നത്.
അതിനിടെ വെനിസ്വേലൻ എണ്ണ കൊണ്ടുപോകുന്ന കൂടുതൽ കപ്പലുകൾ തടയാൻ വാഷിംഗ്ടൺ ഒരുങ്ങുകയാണെന്ന് പല വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Venezuelan crude oil tanker seized by US is reportedly heading to Houston.















