
കാരക്കസ് : യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി താൻ ഫോണിൽ സംസാരിച്ചെന്ന് സ്ഥിരീകരിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. പത്തു ദിവസം മുൻപാണ് തങ്ങൾ സംസാരിച്ചതെന്നും മികച്ച സംഭാഷണമാണ് നടന്നതെന്നും മഡുറോ പറഞ്ഞു. മഡുറോയുമായി ഫോണിൽ സംസാരിച്ചെന്ന് സ്‌ഥിരീകരിച്ച ട്രംപ്, എന്നാൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറായിരുന്നില്ല. ‘നല്ല രീതിയിലാണോ മോശം രീതിയിലാണോ സംഭാഷണം നടന്നതെന്ന് ഞാൻ പറയില്ല. അതൊരു ഫോൺ സംഭാഷണം ആയിരുന്നു.’ – എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
എന്നാൽ, ഇരുവരും ബഹുമാനപൂർണവും സൗഹാർദപരവുമായ സംഭാഷണം നടത്തിയെന്നാണ് മഡുറോ പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിൽ മാന്യമായ ചർച്ചകൾക്കുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 21ന് നടന്നതായി സൂചനയുള്ള സംഭാഷണത്തിന്റെ വിശദ വിവരങ്ങൾ പുറത്തുവിടാൻ യുഎസ്, വെനസ്വേല സർക്കാരുകളും തയാറായില്ല. വെനസ്വേല വിടാൻ തയ്യാറാണെന്ന് മഡുറോ ട്രംപിനോട് പറഞ്ഞതായി റോയിട്ടേഴ്‌സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
Venezuelan President Nicolas Maduro confirmed that he spoke with US President Donald Trump on the phone 10 days ago.














