‘അധികാരമില്ലാത്തതിന്റെ രോഷ പ്രകടനം’; ഇലക്ഷൻ കമ്മിഷനെതിരായ ആരോപണങ്ങളിൽ രാഹുൽ ഗാന്ധിക്ക് 272 പ്രമുഖരുടെ തുറന്ന കത്ത്

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളെയും അടിസ്ഥാനരഹിതമില്ലാതെ ആക്രമിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് 272 വിരമിച്ച ഉന്നതരുടെ തുറന്ന കത്ത്. 272 പ്രമുഖർ ഒപ്പുവച്ച കത്ത് രാഹുലിനെ കടന്നാക്രമിക്കുന്നു. 16 മുൻ ജഡ്ജിമാർ, 123 റിട്ടയേഡ് ബ്യൂറോക്രാറ്റുകൾ, 14 മുൻ അംബാസഡർമാർ, 133 വിരമിച്ച സായുധസേനാ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് കത്തയച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി ജനങ്ങളിൽ അവിശ്വാസം ജനിപ്പിക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്ന് കത്ത് ആരോപിക്കുന്നു.

വോട്ട് മോഷണം നടന്നുവെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും ഒരു സത്യവാങ്മൂലമോ ഔദ്യോഗിക പരാതിയോ നൽകാൻ അദ്ദേഹം തയാറായില്ലെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. സായുധസേനയുടെ ധീരതയെ ചോദ്യം ചെയ്തതിനും നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെ ആക്രമിച്ചതിനും പിന്നാലെ ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെയും ആക്രമിക്കുന്നത് അധികാരമില്ലായ്മയുടെ രോഷപ്രകടനമാണെന്ന് കത്ത് വിമർശിക്കുന്നു.

കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ പാർട്ടികളും അവരുമായി ബന്ധപ്പെട്ട NGO-കളും ചേർന്നാണ് “ഇലക്ഷൻ കമ്മീഷൻ ബിജെപിയുടെ ബി-ടീം” എന്ന തരത്തിലുള്ള വിഷലിപ്ത പ്രചാരണം വ്യാപിപ്പിക്കുന്നതെന്നും കത്ത് കുറ്റപ്പെടുത്തുന്നു. എന്നാൽ കോടതി മേൽനോട്ടത്തിൽ നടന്ന പരിശോധനകളിലൂടെയും കമ്മീഷന്റെ വിശദീകരണങ്ങളിലൂടെയും ഈ ആരോപണങ്ങളെല്ലാം തകർന്നടിഞ്ഞുവെന്നും കത്ത് ഓർമിപ്പിക്കുന്നു.

ടി.എൻ. ശേഷൻ, എൻ. ഗോപാലസ്വാമി തുടങ്ങിയ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ ഉദാഹരണമായി കാണിച്ചും കത്തിൽ രാഹുലിനെതിരെ വിമർശനം ഉണ്ട്. അവർ പ്രശസ്തിക്കോ വാർത്താ ശ്രദ്ധയ്ക്കോ പിന്നാലെ പോയില്ല, ഭരണഘടനാപരമായ ചുമതലകൾ നിർഭയം നിർവഹിച്ചു. അതേ മാതൃക തുടരണമെന്ന് കമ്മീഷനോടും ആവശ്യപ്പെടുന്നു.

അടിസ്ഥാനരഹിതമായ ആരോപണങ്ങളും നാടകീയതയും ഉപേക്ഷിച്ച് നയപരമായ മത്സരത്തിലൂടെ ജനവിധി മാന്യമായി അംഗീകരിക്കാനുവാൻ രാഷ്ട്രീയ നേതാക്കൾ തയാറാകണമെന്ന് കത്ത് ആഹ്വാനം ചെയ്യുന്നു. ആവശ്യമെങ്കിൽ നിയമപരമായി സ്വയം പ്രതിരോധിക്കാനും ഇരവാദ രാഷ്ട്രീയം ഉപേക്ഷിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് കത്ത് നിർദേശിക്കുന്നു.

More Stories from this section

family-dental
witywide