
ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ടി ജെ എസ് ജോർജ് (97) അന്തരിച്ചു. ബംഗളൂരിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മണിപ്പാലിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച മുതല്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. രാജ്യം 2011ല്‍ പത്ഭൂഷൺ നൽകി ആദരിച്ച പ്രതിഭയാണ്. ടിജെഎസ് ജോർജിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ രംഗത്തെത്തി.
മാധ്യമ രംഗത്തെ മികവിനു കേരള സർക്കാർ നൽകുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം 2019ൽ ലഭിച്ചു. പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഘോഷയാത്രയാണ് ആത്മകഥ. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചു.മജിസ്‌ട്രേറ്റ് ആയിരുന്ന ടി ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടിജെഎസ് ജോര്‍ജിന്റെ ജനനം. പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്.
ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തി. ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യൂ എന്നിവയില്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഹോംങ്കോങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയർമാനായിരുന്നു.