മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു, അനുശോചിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ

ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ (85) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആയിരുന്നു അന്ത്യം സംഭവിച്ചത്. സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരായിരുന്നു. മലയാളത്തിൽ വാർത്താ വാരികകൾക്ക് സവിശേഷമായ വ്യക്തിത്വം സമ്മാനിച്ച പത്രാധിപർ എന്ന ഖ്യാതി നേടിയിരുന്നു ജയചന്ദ്രൻ നായർ. തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ എന്നിങ്ങനെ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദീർഘകാലം കലാകൗമുദി വാരികയുടെയും പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.

ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ജി അരവിന്ദനെക്കുറിച്ചുള്ള മൗനപ്രാര്‍ഥന പോലെ എന്ന കൃതി 2018 ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. സംസ്‌കാരം ഇന്നു രാത്രി ബംഗളൂരുവില്‍. ഭാര്യ സരസ്വതിയമ്മ, മകള്‍ ദീപ, മകന്‍ ജയദീപ്.

തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് ജനിച്ച ജയചന്ദ്രന്‍ നായര്‍ കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ പത്രാധിപരായി ചുമതലയേറ്റു. 2013 വരെ മലയാളം വാരികയില്‍ പ്രവര്‍ത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ എസ് ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവര്‍ത്തനത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് എസ് ജയചന്ദ്രന്‍ നായര്‍. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടര്‍ന്നു നിന്നതാണ് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ വ്യാപ്തിയുള്ള ജീവിതമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. സാഹിത്യകൃതികളെ മുന്‍നിര്‍ത്തിയുള്ള ജയചന്ദ്രന്‍ നായരുടെ പഠനങ്ങള്‍ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സംഭാവന ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായി. ലിറ്റററി മാഗസിന്‍ രംഗത്ത് പല പുതുമകളും ആവിഷ്‌കരിച്ച പത്രാധിപര്‍ കൂടിയായിരുന്നു എസ് ജയചന്ദ്രന്‍ നായര്‍. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രന്‍നായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

More Stories from this section

family-dental
witywide