
എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 454 വോട്ടുകൾ നേടിയാണ് അദ്ദേഹം ഇന്ത്യയുടെ സുപ്രധാന പദവിയിലേക്ക് എത്തിയത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ഇന്ത്യ സഖ്യത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായി എന്നാണ് സൂചന. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്. കോൺഗ്രസ് ദേശിയ വക്താവ് ജയ്റാം രമേശ് തന്നെ ഇക്കാര്യം സൂചിപ്പിച്ച് രംഗത്തെത്തി.
ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധൻകർ പദവിക്കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ശേഷിക്കെയാണ് രാജിവച്ചത്. ഇതേ തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി പദവിയിലേക്കാണ് സി.പി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ ഈ മാറ്റം, എൻഡിഎയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍. തെക്കേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് സി പി രാധാകൃഷ്ണന്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മഹാരാഷ്ട്ര ഗവർണറായിരുന്നു. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.