അപ്രതീക്ഷിതം, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു, അഭിമാനത്തോടെ പടിയിറങ്ങുന്നുവെന്ന് കുറിപ്പ്; ആരോഗ്യ പ്രശ്നമെന്നും വിശദീകരണം

ഡൽഹി: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അപ്രതീക്ഷിതമായി സ്ഥാനം രാജിവെച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധൻകർ അപ്രതീക്ഷിതമായി സ്ഥാനം രാജിവെച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകിയ രാജിക്കത്തിൽ, മെഡിക്കൽ ഉപദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമമായ എക്സിൽ രാജിക്കത്ത് പങ്കുവെച്ചുകൊണ്ട്, അഭിമാനത്തോടെയാണ് താൻ പദവിയിൽ നിന്ന് പടിയിറങ്ങുന്നതെന്ന് ധൻകർ വ്യക്തമാക്കി. രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജഗദീപ് ധൻകറുടെ രാജി രാഷ്ട്രീയ വൃത്തങ്ങളിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 2022 ഓഗസ്റ്റിൽ ഉപരാഷ്ട്രപതിയായി ചുമതലയേറ്റ അദ്ദേഹം, രാജ്യസഭയുടെ ചെയർപേഴ്സൺ എന്ന നിലയിൽ മികച്ച നിലയിലാണ് പ്രവർത്തിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങൾ മൂലം തന്റെ ഉത്തരവാദിത്തങ്ങൾ പൂർണമായി നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണ് രാജിക്ക് കാരണമായതെന്ന് അദ്ദേഹം വിവരിച്ചു. രാഷ്ട്രപതി രാജിക്കത്ത് സ്വീകരിച്ചതായും ഇനി പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മുൻ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ധൻകർ, 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ 2 വർഷം ബാക്കിനിൽക്കെയാണ് രാജിപ്രഖ്യാപനമുണ്ടായത്. ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ മാർച്ച് മാസം മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയിൽ തിരികെയെത്തിയത്. ഇന്നും അദ്ദേഹം പാർലമെൻ്റിൽ എത്തിയിരുന്നു. ഭരണഘടനയിലെ അനുച്ഛേദം 67 (a) പ്രകാരമാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ കത്താണ് അദ്ദേഹം എക്സിൽ പങ്കുവച്ചത്.

More Stories from this section

family-dental
witywide