കൊച്ചി: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം കനത്ത മഴയെ തുടർന്ന് തടസപ്പെട്ടു. മഴ കാരണം ഹെലികോപ്റ്റർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഇറക്കാനായില്ല. തുടർന്ന് ഉപരാഷ്ട്രപതി മടങ്ങി. കാലാവസ്ഥ അനുകൂലമായാൽ കൊച്ചിയിലെ പരിപാടികൾക്ക് ശേഷം ഗുരുവായൂരിൽ തിരിച്ചുവന്നേക്കുമെന്നാണ് വിവരം. ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ദർശനം രാവിലെ 9 നും 9:30 നും ഇടയിലാണ് നിശ്ചയിച്ചിരുന്നത്.
ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ദർശനത്തെ തുടർന്ന് ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 8 മണി മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൂടാതെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാൻ പാടില്ലെന്നും അറിയിപ്പുണ്ടായിരുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഉപോരാഷ്ട്രപതി കേരളത്തിലെത്തിയത്. ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്.













