കാനഡയിലെ തടാകത്തിൽ സോപ്പ് തേച്ച് കുളി വീഡിയോ വൈറൽ; ഉയരുന്നത് വ്യാപക വിമർശനങ്ങൾ, ഇന്ത്യക്കാരെന്നും കമന്റുകൾ

ഒട്ടാവ: കാനഡയിലെ ബ്രാംപ്‌ടണിലെ തടാകത്തിൽ സോപ്പ് തേച്ച് കുളിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. തടാകത്തിൽ നാൽവർ സംഘം സോപ്പ് തേച്ച് കുളിക്കുന്ന വീഡിയോയ്ക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യക്കാരാണ് വീഡിയോയിൽ ഉള്ളതെന്ന കമൻ്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

ജലാശയങ്ങളിൽ സോപ്പ് തേച്ച് കുളിക്കുന്നത് പരിസ്ഥിതി ആഘാതത്തിന് കാരണമാകുമെന്നും ജലം മലിനമാക്കുമെന്നും ഇത് ജലജീവികളെ ബാധിക്കുമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവരെ ബോധവത്കരിക്കണമെന്നും പൊതുജലാശയങ്ങളിൽ ഇതൊന്നും അനുവദിക്കരുതെന്നും കമൻ്റുകൾ വരുന്നുണ്ട്.

വീഡിയോ കിർക് ലുബിമോവ് എന്ന എക്സ് അക്കൗണ്ടിൽനിന്നാണ് പങ്കുവെച്ചിരിക്കുന്നത്. കാനഡയിലെ ബീച്ചുകൾ വിദേശികളുടെ കുളിമുറികളായി മാറുകയാണെന്നും കാനഡ മൂന്നാംകിട രാജ്യമായി മാറുന്നത് ദിവസേന സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന കുറിപ്പും വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം അഞ്ച് മില്യണിലേറെ പേരാണ് എക്‌സിൽ മാത്രം വീഡിയോ കണ്ടിരിക്കുന്നത്.