
റോം: വടക്കന്‍ ഇറ്റലിയിലെ ബ്രസിയയില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച്ചയായിരുന്നു ഫ്രെസിയ ആര്‍ജി അള്‍ട്രാലൈറ്റ് വിമാനമാണ് നിയന്ത്രണം നഷ്ടമായി ഹൈവേയില്‍ തകര്‍ന്നുവീണത്. അപകടത്തിൽ അഭിഭാഷകനും പൈലറ്റുമായ സെര്‍ജിയോ റാവഗ്ലിയ(75)യും അദ്ദേഹത്തിന്റെ പങ്കാളി ആന്‍ മറിയ ഡേ സ്റ്റെഫാനോ(60) യും മരിച്ചു.
നിലംപതിച്ച വിമാനത്തിന് തീപ്പിടിച്ചപ്പോൾ ഹൈവേയിലുണ്ടായിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു. ഹൈവേയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ സെര്‍ജിയോ റാവാഗ്ലിയ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് നേരെ കുത്തനെ വിമാനം വന്നിടിച്ചിറങ്ങി.
തുടർന്ന് ഉടന്‍ തന്നെ തീഗോളമായി മാറുകയും വാഹനങ്ങളില്‍ തീപ്പിടിക്കുകയുമായിരുന്നു. രണ്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും വിമാനം പൂര്‍ണമായും കത്തിനശിച്ചു.
അന്വേഷണത്തിനായി നാഷണല്‍ ഏജന്‍സി ഫോര്‍ ഫ്‌ളൈറ്റ് സേഫ്റ്റി ബ്രെസിയയിലേക്ക് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. വിമാനത്തിന്റെ മെയിന്റനന്‍സ് ഹിസ്റ്ററിയും മെക്കാനിക്കല്‍ കണ്ടീഷനും അന്വേഷണ സംഘം പരിശോധിക്കും.