കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പരാതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്. തനിക്കെതിരെ മനപൂര്‍വം വീഡിയോ പ്രചരിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നടി സൈബറാക്രമണം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്നലെയാണ് പരാതി കൈമാറിയത്.പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് എന്നാണ് വിവരം. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
അതേസമയം, അതിജീവിതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്. കേസിൽ നിലവിൽ കോടതി മാര്‍ട്ടിനെ 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. ഇന്നലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത കൂടിക്കാഴ്ച നടത്തിയിരുന്നു.
നീതിയ്ക്കായുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 20 മിനിറ്റോളം സമയം കൂടിക്കാഴ്ച നീണ്ടുനിന്നു. ഇന്നലെ രാവിലെയാണ് അതിജീവിത ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയത്. തുടർന്നാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേസിൽ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.
Video reveals name of survivor; Police to file case against Martin, second accused in actress attack case











