
പാലക്കാട് : നിപ ബാധിച്ച് മരിച്ച പാലക്കാട് കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ്റ സമ്പർക്ക പട്ടികയിലെ ആളുകളുടെ നീരിക്ഷണം ശക്തമായി തുടരുന്നു. ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ, വയോധികൻ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അതേസമയം നിപ ബാധിച്ച് മരിച്ച വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമാണെന്നും സ്ഥിരീകരിച്ചു. പനി ബാധിച്ച ശേഷവും കൂടുതലും യാത്ര ചെയ്തത് കെഎസ്ആർടിസി ബസിലാണ്. ആഴ്ചയിൽ മൂന്ന് തവണ അട്ടപ്പാടിയിൽ പോയതും കെഎസ്ആർടിസി ബസിലായിരുന്നു. ഇതോടെ കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിലാകും.
മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ നിപ വ്യാപനം തടയാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതോടനുബന്ധിച്ച് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി. നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പാലക്കാടും മലപ്പുറത്തും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.