കണ്ണീരണിഞ്ഞ് കരൂര്‍…മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ : തമിഴ്നാട്ടിലെ കരൂരില്‍ ഇന്നലെ വൈകുന്നേരം നടന്ന തമിഴക വെട്രി കഴകം (ടിവികെ)റാലിയില്‍ തിക്കിലും തിരക്കിലും മരിച്ച 39 പേരുടെയും കുടുംബങ്ങള്‍ക്ക് ധസഹായം പ്രഖ്യാപിച്ച് പാര്‍ട്ടി നേതാവും നടനുമായ വിജയ്. ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കുക. ദുരന്തത്തില്‍ പരിക്കേറ്റ 100 ഓളം പേര്‍ക്ക് തന്റെ പാര്‍ട്ടി 2 ലക്ഷം രൂപ വീതം നല്‍കുമെന്ന് വിജയ് പറഞ്ഞു. എക്സിലെ തന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ വഴിയാണ് പ്രഖ്യാപനം.

മരണ സംഖ്യ ഉയരുകയും സ്ഥിതിഗതികള്‍ വഷളാകുകയും ചെയ്തതോടെ താരത്തിന്റെ അറസ്റ്റിനായി പ്രചാരണം നടക്കുന്നതിനിടെയാണ് സഹായധന പ്രഖ്യാപനം. ‘എന്റെ ഹൃദയം സഹിക്കുന്ന വേദന പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്റെ കണ്ണുകളും മനസ്സും ദുഃഖത്താല്‍ മൂടപ്പെട്ടിരിക്കുന്നു. ഞാന്‍ കണ്ടുമുട്ടിയ നിങ്ങളുടെയെല്ലാം മുഖങ്ങള്‍ എന്റെ മനസ്സില്‍ മിന്നിമറയുന്നു. വാത്സല്യവും കരുതലും പ്രകടിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിക്കുന്തോറും എന്റെ ഹൃദയം തകരുന്നു,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന നിങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത വേദനയോടെ എന്റെ അഗാധമായ അനുശോചനം അറിയിക്കുമ്പോള്‍, ഈ വലിയ ദുഃഖം പങ്കുവെച്ചുകൊണ്ട് ഞാന്‍ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. ഇത് ഞങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകള്‍ നല്‍കിയാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു,’ വിജയ് അറിയിച്ചു.

‘ഇത്തരമൊരു നഷ്ടം നേരിടുമ്പോള്‍ ഈ തുക തീര്‍ച്ചയായും പ്രധാനമല്ല. എന്നിരുന്നാലും, ഈ നിമിഷം, നിങ്ങളുടെ കുടുംബത്തില്‍പ്പെട്ട ഒരാളെന്ന നിലയില്‍, എന്റെ പ്രിയപ്പെട്ടവരേ, ഭാരിച്ച ഹൃദയത്തോടെ നിങ്ങളോടൊപ്പം നില്‍ക്കേണ്ടത് എന്റെ കടമയാണ്. അതുപോലെ, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവരും വേഗത്തില്‍ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ചികിത്സയിലുള്ള ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങളുടെ തമിഴക വെട്രി കഴകം സ്ഥിരമായി നല്‍കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ദൈവകൃപയാല്‍, ഇതില്‍ നിന്നെല്ലാം കരകയറാന്‍ നമുക്ക് പരിശ്രമിക്കാം,’ അദ്ദേഹം പറഞ്ഞു.

നേരത്തെ, എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

More Stories from this section

family-dental
witywide