ഒടുവിൽ കരൂർ സന്ദർശിക്കാൻ വിജയ്; ഉപാധികൾ മുന്നോട്ടുവെച്ചു, വിമാനത്താവളം മുതൽ സുരക്ഷയൊരുക്കണം, ആരും പിന്തുടരുത്

ചെന്നൈ: ഒടുവിൽ കരൂർ സന്ദർശിക്കാൻ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ എത്തുന്നു. ഇതിനായി തമിഴ്‌നാട് ഡിജിപി ജി വെങ്കട്ടരാമന് മുന്‍പാകെ അസാധാരണമായ നിരവധി ഉപാധികള്‍ മുന്നോട്ടുവെച്ചു. വിജയ്‌യുടെ അഭിഭാഷകനാണ് നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് ഡിജിപിക്ക് കൈമാറിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പകര്‍പ്പ് കൈമാറിയിട്ടുണ്ട്. വിമാനത്താവളം മുതൽ സുരക്ഷയൊരുക്കണം, ആരും പിന്തുടരുത്. സായുധ സംഘം ഒപ്പമുണ്ടാകണമെന്നും വേദിക്ക് ചുറ്റം സുരക്ഷാ ഇടനാഴിവെയ്ക്കണമെന്നും ഉപാധികളിൽ പറയുന്നു.

ദുരന്തത്തിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നതിന് പിന്നാലെയാണ് വിജയ് യുടെ കരൂര്‍ സന്ദര്‍ശനം. യാത്രാ അനുമതിക്കും സുരക്ഷ ഒരുക്കുന്നതിനും കരൂര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാം എന്നായിരുന്നു ഡിജിപി നല്‍കിയ മറുപടി. യാത്രാ വിവരങ്ങള്‍ ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്നും ഡിജിപി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് മുന്നില്‍ ഉപാധികളുമായി ടിവികെ എത്തിയിരിക്കുന്നത്. സുരക്ഷ ഒരുക്കുന്ന പക്ഷം ഏറ്റവും അടുത്ത ദിവസം തന്നെ കരൂരില്‍ വരുന്ന വിജയ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ വീട്ടില്‍ പോയി കാണുന്നതിന് പകരം കരൂരില്‍ പ്രത്യേക വേദി ഒരുക്കാനാണ് ലക്ഷ്യം. കൂടിക്കാഴ്ച തീര്‍ത്തും സ്വകാര്യമായിരിക്കുമെന്നാണ് ടിവികെ വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, ഇതിനോടകം കരൂര്‍ ദുരന്തത്തില്‍ ഐജി അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് വനിതാ എസ്പിമാരുള്‍പ്പെടെ പന്ത്രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉള്ളത്. ദുരന്തം നടന്ന കരൂരിലെ വേലുച്ചാമിപുരവും സമീപ പ്രദേശങ്ങളും അന്വേഷണ സംഘം സന്ദര്‍ശിച്ചിരുന്നു. അടുത്ത ദിവസം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നീക്കം. കരൂർ ദുരന്തത്തിൽ 41 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്.

More Stories from this section

family-dental
witywide