
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടിവികെ അധ്യക്ഷൻ വിജയ് അവഗണിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തത്തിനു പിന്നാലെ അമിത് ഷാ വിജയ്‌യെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, ഫോൺ സംഭാഷണത്തിന് താത്പര്യമില്ലെന്ന് വിജയ് അറിയിച്ചതായാണ് വിവരം. അമിത് ഷായുടെ ഓഫീസ് വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖർ, സിനിമാമേഖലയിലെ ചിലർ, ടിവികെയുടെ മുതിർന്ന നേതാക്കൾ എന്നിവർ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയ് സംസാരിക്കാൻ വിസമ്മതിച്ചു.
വിജയ്‌യുടെ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട പൊതുയോഗങ്ങൾ താത്കാലികമായി മാറ്റിവെച്ചതായി ടിവികെ സെക്രട്ടറിയേറ്റ് അറിയിച്ചു. അടുത്ത രണ്ടാഴ്ചത്തേക്കുള്ള എല്ലാ പൊതുയോഗങ്ങളും റദ്ദാക്കിയിട്ടുണ്ട്, പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിപ്പിൽ പറയുന്നു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട്, പരിപാടിയുടെ മുഴുവൻ വീഡിയോ ഫൂട്ടേജുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ടിവികെ നേതാക്കൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
നോട്ടീസ് ടിവികെയുടെ ജോയിന്റ് സെക്രട്ടറി നിർമൽ കുമാറിനാണ് അയച്ചിരിക്കുന്നത്. രാവിലെ അർജുൻ ആദവയുടെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് കൈമാറിയത്. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടിവികെയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തിൽ, വിജയ്‌യുടെ ഈ നിലപാടും പൊതുയോഗങ്ങൾ മാറ്റിവെക്കാനുള്ള തീരുമാനവും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്.