തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്

ചെന്നൈ: തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നടനും പാര്‍ട്ടി അധ്യക്ഷനുമായ വിജയ്‌യെ പ്രഖ്യാപിച്ചു. 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായോ ബിജെപിയുമായോ ഒളിഞ്ഞും തെളിഞ്ഞുമുളള യാതൊരു സഖ്യവുമുണ്ടാകില്ലെന്ന് വിജയ് വ്യക്തമാക്കി. 2026 ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനായി ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് വിജയ്‌യെ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

ഇതിൻ്റെ ഭാഗമായി സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് വിജയ് രാഷ്ട്രീയ, ജനകീയ പ്രശ്‌നങ്ങളുയര്‍ത്തി പര്യടനം നടത്തും. 1980-ല്‍ മധുര വെസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംജിആര്‍ രാഷ്ട്രീയത്തില്‍ അധികായനായത് പോലെ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് യും മധുര വെസ്റ്റ് നിയോജക മണ്ഡലത്തിൽ മത്സരിക്കാനാണ് സാധ്യത.

പ്രത്യയശാസ്ത്ര ശത്രുക്കളുമായോ വിഭാഗീയ ശക്തികളുമായോ നേരിട്ടോ അല്ലാതെയോ ഒരിക്കലും സഖ്യം പാടില്ലെന്ന പ്രമേയം ടിവികെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അംഗീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ ദുരുദ്ദേശപരവും തമിഴ്‌നാടിന്റെ ദ്വിഭാഷാ നയത്തിനെതിരായ ആക്രമണവുമാണെന്ന് ടിവികെ വിലയിരുത്തി. തെരഞ്ഞെടുപ്പ് പരിഷ്‌കരണം നടത്താനുളള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെയും ടിവികെ എതിര്‍ത്തു. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകള്‍ കുറയ്ക്കുന്നതിനും ബിജെപി അനുകൂല വോട്ടുകള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് തെരഞ്ഞെടുപ്പ് പരിഷ്‌കരണമെന്ന് എക്‌സിക്യൂട്ടീവ് യോഗം വ്യക്തമാക്കി.

More Stories from this section

family-dental
witywide