”നിങ്ങളെല്ലാവരും എന്നെയൊരു കൊട്ടാരമാക്കി വളർത്തി, ആരാധകർക്കു വേണ്ടി നിലകൊള്ളാൻ സിനിമ ഉപേക്ഷിക്കുന്നു”

ചെന്നൈ : തമിഴ് സൂപ്പർ താരം വിജയ് തന്റെ അഭിനയ ജീവിതം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തനിക്ക് വേണ്ടി എല്ലാം നൽകിയ ആരാധകർക്കായി ഇനി തന്റെ ജീവിതം മാറ്റിവെക്കുന്നുവെന്നാണ് താരം വ്യക്തമാക്കിയത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ (Jana Nayagan) ആയിരിക്കും വിജയ്‌യുടെ കരിയറിലെ 69-ാമത്തെയും അവസാനത്തെയും ചിത്രം.

മലേഷ്യയിലെ കോലാലംപൂരിൽ നടന്ന ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് (‘ദളപതി തിരുവിഴ’) വിജയ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. “സിനിമയിൽ വന്നപ്പോൾ ചെറിയൊരു മണൽ വീട് നിർമ്മിക്കാനാണ് ഞാൻ ആഗ്രഹിച്ചത്, എന്നാൽ നിങ്ങളത് ഒരു കൊട്ടാരമാക്കി മാറ്റി. എനിക്കായി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ തന്നെ ഉപേക്ഷിക്കുന്നു” എന്നാണ് വിജയ് ചടങ്ങിൽ വൈകാരികമായി പറഞ്ഞത്. രു ലക്ഷത്തോളം പേർ പങ്കെടുത്ത പരിപാടി മലേഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടി. ശ്രീലങ്കയ്ക്കു ശേഷം ലോകത്ത് ഏറ്റവും കൂടുതൽ തമിഴ് വംശജർ ജീവിക്കുന്ന രാജ്യമാണ് മലേഷ്യ.

സിനിമ ഉപേക്ഷിച്ച ശേഷം തന്റെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ (TVK) വഴി പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം.

‘ജനനായകൻ’ 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Vijay officially announced the end of his acting career.