
തമിഴ്നാടിനെ ഇളക്കിമറിച്ച് മധുരയിൽ നടന്ന തമിഴക വെട്രി കഴകം (ടിവികെ) സമ്മേളനത്തിൽ നടൻ വിജയിന്‍റെ പ്രസംഗം. എഐഎഡിഎംകെയുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ട വിജയ്, എംജിആർ സ്ഥാപിച്ച പാർട്ടി എവിടെയാണെന്നും ഇപ്പോൾ ആരാണ് നിയന്ത്രിക്കുന്നുവെന്നും ചോദിച്ചു. 2026 ലെ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് സാധാരണ പ്രവർത്തകർക്ക് അറിയാമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഡിഎംകെയും ടിവികെയും തമ്മിലാണ് പ്രധാന മത്സരമെന്ന് ആവർത്തിച്ച വിജയ്, എഐഎഡിഎംകെയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
ബിജെപിയെയും ഡിഎംകെയെയും രൂക്ഷമായി വിമർശിച്ച വിജയ്, 2026ലെ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും ടിവികെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. താനാണ് 234 മണ്ഡലങ്ങളിലെയും സ്ഥാനാർഥിയെന്നും ആലങ്കാരികമായി പറഞ്ഞു. ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനെ “അങ്കിൾ” എന്ന് പരിഹസിച്ച വിജയ്, ജനദ്രോഹ നയങ്ങൾ പിന്തുടരുന്ന ഡിഎംകെ സർക്കാരിനെ 2026ൽ “വീട്ടിൽ ഇരുത്തും” എന്നും പ്രതിജ്ഞയെടുത്തു. “താമരയിലയിൽ വെള്ളവും തമിഴ് മക്കളും ഒട്ടില്ല” എന്ന് പറഞ്ഞ് ബിജെപിയെ കടന്നാക്രമിച്ച അദ്ദേഹം, തമിഴ്നാട്ടിൽ ബിജെപിക്ക് ജനപിന്തുണ ഇല്ലെന്ന് സൂചിപ്പിച്ചു.
വിജയ്‌യുടെ ഈ പ്രസംഗം തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കാനുള്ള ശക്തമായ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. എഐഎഡിഎംകെയുടെ പരമ്പരാഗത വോട്ടർമാരെ ആകർഷിക്കാനുള്ള ടിവികെയുടെ തന്ത്രം വ്യക്തമാക്കുന്നതാണ് ഈ സമ്മേളനം. 2026ലെ തെരഞ്ഞെടുപ്പിൽ ടിവികെ ഒരു നിർണായക ശക്തിയാകുമെന്നാണ് വിജയ്‌യുടെ പ്രസംഗം സൂചിപ്പിക്കുന്നത്, ഇത് എഐഎഡിഎംകെ, ഡിഎംകെ, ബിജെപി എന്നിവയ്ക്ക് വെല്ലുവിളിയാകും.