
ചെന്നൈ : ‘ഉങ്ക വിജയ്, നാന്‍ വരേന്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് സംസ്ഥാന വ്യാപകമായുള്ള രാഷ്ട്രീയ യാത്രയ്ക്ക് തിരുച്ചിറപ്പള്ളിയില്‍ തുടക്കം കുറിച്ചു. പൊരിവെയില്‍ വകവെയ്ക്കാതെ ആയിരങ്ങളാണ് തിരുച്ചിറപ്പള്ളിയില്‍ ഒത്തുകൂടിയത്.
വിമാനത്താവളത്തില്‍ നിന്നു സമ്മേളന വേദിയിലേക്കുള്ള ഏഴര കിലോമീറ്റര്‍ ദൂരം കനത്ത ജനത്തിരക്കു കാരണം നാലര മണിക്കൂര്‍ കൊണ്ടാണു പിന്നിടാനായത്. റോഡ് ഷോ അടക്കം പാടില്ലെന്ന പൊലീസിന്റെ കര്‍ശന ഉപാധികളെല്ലാം കാറ്റില്‍പ്പറത്തിയാണ് ടിവികെ പ്രവര്‍ത്തകര്‍ തിരുച്ചിറപ്പള്ളിയെ സ്തംഭിപ്പിച്ചത്. പതിവു പോലെ ഡിഎംകെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പ്രസംഗം.
38 ജില്ലകളിലൂടെയുള്ള ഈ പര്യടനം ഡിസംബര്‍ 20-ന് അവസാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തി ജനങ്ങളെ നേരില്‍ കാണുമെന്ന് വിജയ് നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നിര്‍ദേശങ്ങള്‍ മറികടന്ന ടിവികെയ്ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണു പൊലീസ്.













