ബ്ലഡ് ഡോണേഴ്സ് കേരള’ സംഘടന രൂപീകരിച്ച വിനോദ് ഭാസ്കരൻ അന്തരിച്ചു

കോട്ടയം: ലക്ഷക്കണക്കിന് രോഗികൾക്ക് അവശ്യ ഘട്ടങ്ങളിൽ രക്തമെത്തിച്ച ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടനയുടെ സ്ഥാപകനും സംസ്ഥാന പ്രസിഡൻ്റുമായ വിനോദ് ഭാസ്കരൻ അന്തരിച്ചു. 48 വയസായിരുന്നു. കരൾ രോഗം കാരണം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കോട്ടയം ചങ്ങനാശേരി സ്വദേശിയായ വിനോദ് ഭാസ്കരൻ കെ എസ് ആർ ടി സി ബസ് കണ്ടക്ടറാണ്. വിനോദ് ഭാസ്കരന്റെ ആശയമാണ് ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായ ബ്ലഡ് ഡോണേഴ്സ് കേരള എന്ന കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്.

2011ൽ സാമൂഹ്യ സേവനമെന്ന ആശയം മുൻനിർത്തി തുടങ്ങിയ വീ ഹെൽപ്പ് ഫേസ് ബുക്ക് പേജിന് പിന്നാലെയാണ് ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടന രൂപീകരിച്ചത്. വിദേശത്തുള്ള സഹോദരൻ നാട്ടിൽ എത്തിയ ശേഷമായിരിക്കും സംസ്കാരം.