
ന്യൂഡല്‍ഹി : ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമ സംഭവങ്ങളെ വെറും അതിശയോക്തിപരമായ പ്രചാരണം മാത്രമാണെന്ന് ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിന് തിരിച്ചടി.
ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമാസക്തമായ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ തെളിവുകള്‍ നല്‍കി യൂനുസിന്റെ വാദങ്ങള്‍ പൊളിച്ചിരിക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. യൂനുസിന്റെ ഇടക്കാല സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഐക്യരാഷ്ട്രസഭ വസ്തുതാന്വേഷണ സംഘത്തെ അയച്ചത്.
2024 ഓഗസ്റ്റ് 5 ന് ബംഗ്ലാദേശില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന്, രാജ്യത്തെ 17 കോടി ജനസംഖ്യയുടെ ഏകദേശം 8% വരുന്ന ഹിന്ദുക്കള്‍ മാരകമായ ആക്രമണങ്ങള്‍ നേരിട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹിന്ദുക്കളുടെ വീടുകള്‍, ബിസിനസുകള്‍, മതപരമായ സ്ഥലങ്ങള്‍ എന്നിവ നശിപ്പിക്കപ്പെട്ടുവെന്നും 2024 ഓഗസ്റ്റില്‍ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്കെതിരെ അഞ്ച് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 200 ലധികം ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളെ വിമര്‍ശിച്ച് എത്തിയിരുന്നു. എന്നാല്‍, യൂനുസ് ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തെ കുറച്ചുകാണുകയും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ‘അതിശയോക്തിപരമായ പ്രചാരണം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഫെബ്രുവരി 12 നാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തെത്തിയത്. ഇതില്‍ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയാകുന്നതിന് മുമ്പുതന്നെ ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമാസക്തമായ ആള്‍ക്കൂട്ട ആക്രമണം ആരംഭിച്ചതായാണ് പരാമര്‍ശിക്കുന്നത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ മാത്രമല്ല, അഹമ്മദിയ മുസ്ലീങ്ങളും സമാനമായ അതിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.