
കൊല്ലം: ഷാർജയിൽ ഫ്ലാറ്റിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ റീ പോസ്‌റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. നടപടികളെല്ലാം അവസാനിച്ചതോടെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി. സംസ്കാരം അല്പസമയത്തിനുള്ളിൽ നടക്കും.
കാലത്ത് പതിനൊന്നരയ്ക്ക് ആരംഭിച്ച റീ പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വിപഞ്ചികയുടെ മരണത്തിൽ നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടാകും.
ഷാര്‍ജയിലെ ജൂലൈ എട്ടിനായിരുന്നു താമസ സ്ഥലത്ത് വിപഞ്ചികയേയും മകളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് വിപഞ്ചിക എഴുതിയിരുന്നു. ഭര്‍ത്താവിന്റെ പിതാവില്‍ നിന്നുണ്ടായ മോശം അനുഭവം അടക്കം വിപഞ്ചിക കുറിച്ചിരുന്നു.