വിപഞ്ചികയുടെ മരണം: ഭർത്താവിനും കുടുംബത്തിനുമെതിരെ അമ്മയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ മരണത്തിൽ കേസെടുത്ത് പൊലീസ്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി. ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷമായിരുന്നു വിപഞ്ചിക ജീവനൊടുക്കിയത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാൽ അറസ്റ്റ് നടക്കും. പരാതി മേൽ വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന് സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്. പൊലീസ് അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.

വിവാഹം കഴിഞ്ഞത് മുതല്‍ മകള്‍ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് ശൈലജ പൊലീസിനോട് പറഞ്ഞു. നിറത്തിന്റെ പേരില്‍ മകളെ വിരൂപിയാക്കാന്‍ സഹോദരി ഇടപെട്ട് മുടി മൊട്ടയടിച്ചുവെന്നും പീഡനങ്ങള്‍ക്കൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും അമ്മ പറഞ്ഞു. മകള്‍ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റല്‍ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പൊലീസിന് കൈമാറി.ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വര്‍ഷം മുന്‍പായിരുന്നു വിവാഹം.കേസ് സിബിഐക്ക് കൈമാറണമെന്നും നാട്ടിലെത്തിച്ചാല്‍ വിപഞ്ചികയുടെയും മകളുടെയും മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്നാണ് നിധീഷിന്റെ നിലപാട്. വിപഞ്ചികയുടെ അമ്മ ഇന്ത്യന്‍ കോണ്‍സുലേറ്റിനും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide