പ്രശസ്‌തനായ ഒരു പ്രധാനമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചു; എപ്സ്റ്റീൻ കേസിലെ പരാതിക്കാരി വിർജിനിയ ജിഫ്രി, ‘നോബഡീസ് ഗേൾ’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ

വാഷിങ്ടൺ: യുഎസിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെതിരേ പരാതി നൽകുകയും വെളിപ്പെടുത്തൽ നടത്തുകയും ചെയ്‌ത വിർജിനിയ ജിഫ്രി മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടി നടത്തിയിരിക്കുകയാണ് അടുത്തിടെ പുറത്തിറങ്ങിയ തൻ്റെ നോബഡീസ് ഗേൾ എന്ന പുസ്‌തകത്തിൽ. പ്രശസ്‌തനായ ഒരു പ്രധാനമന്ത്രി തന്നെ മർദിച്ചതായും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് വിർജിനിയ ജിഫ്രി പറയുന്നത്. പുസ്‌തകത്തിൻ്റെ യുഎസ് പതിപ്പിലാണ് പ്രശസ്തനായ പ്രധാനമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിർജിനിയ എഴുതിയിരിക്കുന്നത്.

അജ്ഞാതനായ ഒരു പ്രധാനമന്ത്രി ക്രൂരമായി മർദിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് വിർജിനിയ പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ലൈംഗിക അടിമയായി മരിക്കുമോയെന്ന് താൻ ഭയപ്പെട്ടിരുന്നതായും പുസ്‌തകത്തിൽ പറയുന്നു. അവരോടൊപ്പമുണ്ടായിരുന്ന കാലത്ത് ധനികരായ പലർക്കും അവർ എന്നെ കൈമാറി. എന്നെ സ്ഥിരമായി ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു. ചില സന്ദർഭങ്ങളിൽ ശ്വാസംമുട്ടിച്ചു. അടിച്ചു. ചോര ചിന്തി. ഒരു ലൈംഗിക അടിമയായി മരിക്കുമെന്ന് ഞാൻ വിശ്വസിച്ചുവെന്നും വിർജിനിയ പറയുന്നു. അതേസമയം. ഇതേ പുസ്തകത്തിൻ്റെ യുകെ പതിപ്പിൽ ഒരു മുൻമന്ത്രി എന്നാണ് പറയുന്നത്. ഈ പൊരുത്തക്കേടിൻ്റെ കാരണം വ്യക്തമല്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

വിർജിനിയ തൻ്റെ പുസ്തകത്തിൽ വർഷങ്ങളോളം നീണ്ടുനിന്ന ലൈംഗികപീഡനത്തെക്കുറിച്ചും മനുഷ്യക്കടത്തിനെക്കുറിച്ചും താൻ നടത്തിയ നിയമപോരാട്ടത്തെക്കുറിച്ചും വിശദമായി പറയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിർജിനിയ മരിച്ച് ആറുമാസത്തിന് ശേഷമാണ് പുസ്‌തകം പുറത്തിറങ്ങിയത്. ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരനെതിരേയും തന്റെ പുസ്‌തകത്തിൽ വിർജിനിയ തുറന്നെഴുതിയിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതിക്കാരിയായിരുന്നു വിർജിനിയ ജിഫ്രി. 17-ാം വയസ്സിൽ എപ്സ്റ്റീനും ഇയാളുടെ പെൺസുഹൃത്തായ മാക്‌സ് വെല്ലും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും വർഷങ്ങളോളം ലൈംഗികപീഡനത്തിനിരയാക്കിയെന്നും വിർജിനിയ പരാതിപ്പെട്ടിരുന്നു.

അതേസമയം, ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഓസ്ട്രേലിയയിലെ താമസസ്ഥലത്ത് വിർജിനിയയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. യുഎസിൽ ജനിച്ച വിർജിനിയ ഭർത്താവ് റോബർട്ടിനും മക്കൾക്കും ഒപ്പം ഓസ്ട്രേലിയയിലെ നോർത്ത് പെർത്തിലാണ് താമസിച്ചിരുന്നത്. അടുത്തിടെ ഇവർ വിവാഹബന്ധം വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മരിക്കുന്നതിന് മൂന്നാഴ്ച‌ മുമ്പ് ഒരു കാറപകടത്തിൽ തനിക്ക് പരിക്കേറ്റതായി വിർജിനിയ ഇൻസ്റ്റഗ്രാമിൽ പറഞ്ഞിരുന്നു.

Virginia Giuffre’s posthumous memoir accuses a well-known Prime Minister of brutal sexual abuse

More Stories from this section

family-dental
witywide