
എ എസ് ശ്രീകുമാർ
കോട്ടയം: ജനുവരി 9-ാം തീയതി അക്ഷരനഗരിയായ കോട്ടയത്തെ വിൻഡ്‌സർ കാസിൽ ഹോട്ടലിൽ നടക്കുന്ന ഫോമാ കേരള കൺവൻഷൻ നൈറ്റ് സംഗീതസാന്ദ്രമാക്കാൻ പ്രശസ്ത പിന്നണി ഗായകരും കലാകാരന്മാരും എത്തുന്നു. ഐഡിയ സ്റ്റാർ സിങ്ങർ ടൈറ്റിൽ വിജയി വിവേകാനന്ദൻ, പ്രശസ്ത ഗായിക അഖില ആനന്ദ്, പ്രമുഖ മിമിക്രി താരം സുധീർ പറവൂർ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇവരുടെ മാസ്മരിക കലാവിരുന്ന് സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും പുത്തൻ അനുഭവം സമ്മാനിക്കുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. കൺവൻഷന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ നാട്ടിലെത്തിയ അദ്ദേഹം ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അറിയിച്ചു.
ആലാപനത്തിലും വയലിൻ വാദനത്തിലും ഒരുപോലെ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള വിവേകാനന്ദൻ 2008-ലെ ഐഡിയ സ്റ്റാർ സിങ്ങർ ടൈറ്റിൽ വിജയിയായിരുന്നു. ‘ബിഗ് ബോസ്’ ഉൾപ്പെടെയുള്ള റിയാലിറ്റി ഷോകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. എം.എസ്. ബാബുരാജ്, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവരുടെ ക്ലാസിക് ഗാനങ്ങൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയനായ അദ്ദേഹം, വയലിൻ വായനയും ആലാപനവും സമന്വയിപ്പിച്ച് സദസിനെ കയ്യിലെടുക്കുന്നതിൽ മിടുക്കനാണ്. 2009-ൽ ‘സുബ്രഹ്മണ്യപുരം’ എന്ന ചിത്രത്തിലെ ‘കണ്മണിയാൽ…’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര പിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ടെലിവിഷൻ ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അഖില ആനന്ദ്, അവതാരകയായും പിന്നണി ഗായികയായും തിളങ്ങിയ വ്യക്തിയാണ്. ജയരാജ് സംവിധാനം ചെയ്ത ‘അശ്വാരൂഢൻ’ എന്ന ചിത്രത്തിലെ ‘അഴകാലില മഞ്ഞച്ചരടിലെ പൂത്താലി…’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് അഖില തന്റെ കരിയർ ആരംഭിച്ചത്. വിവിധ സിനിമകളിലായി നാൽപ്പതിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള അഖില, ‘സരിഗമപ കേരളം ലിറ്റിൽ ചാംസി’ന്റെ ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ 25 വർഷമായി മിമിക്രി, അഭിനയം, ഗാനരചന, സംഗീതം എന്നീ മേഖലകളിൽ സജീവമാണ് സുധീർ പറവൂർ. ‘കേശവൻ മാമൻ’ എന്ന ഹിറ്റ് കഥാപാത്രത്തിലൂടെയും ‘ക്ളിഞ്ഞോ പ്ലിഞ്ഞോ…’ എന്ന വൈറൽ പാരഡി ഗാനത്തിലൂടെയുമാണ് അദ്ദേഹം പ്രേക്ഷകർക്ക് കൂടുതൽ പരിചിതനായത്. ‘ഭാസ്‌കർ ദി റാസ്‌ക്കൽ’, ‘കട്ടപ്പനയിലെ ഋതിക് റോഷൻ’, ‘ഒരു യമണ്ടൻ പ്രേമകഥ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഫോമാ കേരള കൺവൻഷനിലെ ഈ കലാവിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.












