600 വർഷങ്ങൾക്ക് ശേഷം റഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; കഴിഞ്ഞയാഴ്ച കിഴക്കൻ മേഖലയിൽ ഉണ്ടായ ഭൂകമ്പമാകാം കാരണമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി : റഷ്യയില്‍ വന്‍ അഗ്നിപര്‍വ്വത സ്‌ഫോടനം. 600 വര്‍ഷത്തിനിടെ ആദ്യമായാണ് കാംചത്കയില്‍ ക്രാഷെനിന്നിക്കോവ് അഗ്‌നിപര്‍വ്വതം ഒറ്റരാത്രികൊണ്ട് പൊട്ടിത്തെറിച്ചത്. കഴിഞ്ഞയാഴ്ച റഷ്യയുടെ ഫാര്‍ ഈസ്റ്റിനെ പിടിച്ചുകുലുക്കിയ വന്‍ ഭൂകമ്പമാകാം പര്‍വ്വത സ്‌ഫോടനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഫ്രഞ്ച് പോളിനേഷ്യ, ചിലി എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പുകള്‍ നല്‍കിയ ബുധനാഴ്ചത്തെ ഭൂകമ്പവുമായി സ്‌ഫോടനത്തിന് ബന്ധമുണ്ടാകാമെന്നും തുടര്‍ന്ന് കംചത്ക ഉപദ്വീപിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതമായ ക്ല്യൂചെവ്‌സ്‌കോയ് പൊട്ടിത്തെറിച്ചതായും അഗ്നിവര്‍വ്വത സ്‌ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന് പിന്നാലെ ഓറഞ്ച് ഏവിയേഷന്‍ കോഡ് നല്‍കിയിട്ടുണ്ട്. ഇതുവഴിയുള്ള വിമാനങ്ങള്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ജാഗ്രതാ നിര്‍ദേശമാണിത്.

അവസാനമായി പര്‍വ്വതത്തില്‍ നിന്നും ലാവ പുറത്തുവന്നത് 1463-ല്‍ ആയിരുന്നു. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് 6,000 മീറ്റര്‍ (3.7 മൈല്‍) വരെ ഉയരത്തില്‍ ചാരം ഉയര്‍ന്നതായി റഷ്യയുടെ അടിയന്തര സേവന മന്ത്രാലയത്തിന്റെ കാംചത്ക ബ്രാഞ്ച് അറിയിച്ചു. അഗ്‌നിപര്‍വ്വതത്തിന്റെ ഉയരം 1,856 മീറ്ററാണ്. സ്‌ഫോടനത്തിന് പിന്നാലെ പുക ഉയര്‍ന്ന് കറുത്ത മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide