ദില്ലി: ഹരിയാനയിൽ വൻ അട്ടിമറിയെന്നും കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്നും വാർത്താ സമ്മേളനത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം തുടങ്ങിയത്. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ പോലെയായിരുന്നു. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബ്രസീലിയൻ മോഡലിൻ്റെ പേരിലും കള്ളവോട്ട് നടന്നു. 25 ലക്ഷം കള്ള വോട്ടുകൾ നടന്നു, 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിൽ അധികം ബൾക്ക് വോട്ടുകളുമായിരുന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണ്. ഇതുകൊണ്ട് 22000 വോട്ടിന് കോൺഗ്രസ് തോറ്റു. സീമ, സ്വീറ്റി, സരസ്വതി എന്നി പേരുകളിലായി ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും രേഖകൾ പ്രദർശിപ്പിച്ചു കൊണ്ട് രാഹുൽ പറഞ്ഞു.
ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണെന്നും എട്ടു സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് നഷ്ടപ്പെട്ടത്. ഒരേ ഫോട്ടോ ഉപയോഗിച്ച് ഒരു സ്ത്രീ 100 തവണയും ഒരു സ്ത്രീ 223 തവണയും വോട്ട് ചെയ്തു. ഇത് കണ്ടെത്താതിരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ഫൂട്ടേജ് പുറത്ത് വിടാത്തത്. 1,24,177 വോട്ട് ഫേക്ക് ഫോട്ടോ ഉപയോഗിച്ച് നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരെ നീക്കാൻ സംവിധാനം ഉണ്ട്. സഹോദരങ്ങളുടെ പേരിൽ പലയിടങ്ങളിൽ വോട്ടുകൾ ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയെ സഹായിക്കാൻ നടത്തിയത് വലിയ തട്ടിപ്പ് ആണ്. വ്യാജ വോട്ട് ചെയ്തവരിൽ ആയിരക്കണക്കിന് പേര് മറ്റു സംസ്ഥാനങ്ങളിലും വോട്ട് ഉളളവരാണ്. യുപിയിൽ നിന്നുള്ള ബിജെപി വോട്ടുകൾ ഹരിയാനയിൽ എത്തി. യുപിയിലെ ബിജെപി പ്രവർത്തകൻ ഹരിയാനയിലും യുപിയിലും വോട്ട് ചെയ്തുവെന്നും രാഹുൽ ആരോപിച്ചു.
വീട് ഇല്ലാത്തവരുടെ ആണ് സീറോ എന്ന് രേഖപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കള്ളം പറഞ്ഞു. വീട് ഉള്ളവരും സീറോ എന്ന അഡ്രസ്സിലാണ്. ജനങ്ങളോട് കള്ളം പറയുകയാണ് കമ്മീഷൻ. 150-ാം നമ്പർ വീട് ബിജെപി നേതാവിൻ്റേതാണ്. 66 പേർക്ക് ഈ വീട്ടിൽ വോട്ടുണ്ട്. പൽവിലെ ബിജെപി നേതാവിന്റെ വീട്ടിലെ വിലാസത്തിലാണ് 66 വോട്ടുകൾ ഉള്ളത്. റായിലെ ചെറിയ വീട്ടിൽ 108 വോട്ടുണ്ട്. ഇതൊക്കെ കമ്മീഷൻ പരിശോധിച്ചോ എന്നും 10 പേരിലധികം വോട്ടർ ലിസ്റ്റിൽ ഉള്ളവരുടെ വീട്ടിൽ പോയി പരിശോധിക്കണമെന്നാണ് നിയമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നിയമ സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മൂന്നര ലക്ഷം വോട്ടുകൾ ഒഴിവാക്കി. ഭൂരിഭാഗവും കോൺഗ്രസ് വോട്ടുകളായിരുന്നു. റായ് മണ്ഡലത്തിലെ ഒഴിവാക്കിയ വോട്ടർമാരുടെ വിവരങ്ങൾ പുറത്തു വിട്ട രാഹുൽ, ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്ക് നിയമസഭയിൽ വോട്ട് ഇല്ലെന്നും പറഞ്ഞു. ഹരിയാനയിൽ നടന്നത് തെരഞ്ഞെടുപ്പ് അല്ല മോഷണമാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇതിന് ആയുധമാകും. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകർത്തു. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ട് നിന്നുവെന്നും അടുത്തത് ബീഹാറിൽ ആണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Vote Chori in Haryana; 25 lakh votes were stolen says Rahul Gandhi















