
ദില്ലി: രാജ്യത്തെ വോട്ടർ പട്ടികയുമായുള്ള ആരോപണങ്ങൾ ഉയർവേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാൻ ചർച്ച ചെയ്ത് ഇന്ത്യ സഖ്യം. ഇന്നലത്തെ വാർത്താസമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്‍റെ ഈ നീക്കം. വാർത്ത സമ്മേളനത്തിൽ ഇലക്ഷൻ കമ്മീഷൻ ബിജെപി വക്താവിനെ പോലെയാണ് സംസാരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിശ്ചയിക്കുന്ന കൊളീജിയത്തിലെ അംഗമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആ രാഹുൽ ഗാന്ധിക്കെതിരായ കമ്മീഷൻറെ ഈ പരസ്യ നീക്കം രാജ്യത്ത് രാഷ്ട്രീയ തർക്കം രൂക്ഷമാക്കാൻ ഇടയാക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, രാഹുൽ പറഞ്ഞ പല കാര്യങ്ങളും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടുന്ന കമ്മീഷൻ എന്നാൽ വോട്ടർ പട്ടികയിൽ പിഴവുണ്ടെന്ന് അംഗീകരിക്കുന്നുണ്ട്. അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച ശേഷം ഇത് തെളിയിക്കാൻ തയ്യാറാകുന്നില്ലെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇന്നലത്തെ വാദങ്ങൾ. രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുൽ ഗാന്ധി വോട്ടർ പട്ടികയിൽ ചൂണ്ടിക്കാട്ടിയ പിഴവുകളിൽ ചിലതിന് മാത്രമാണ് ഉത്തരം നല്കിയത്. പരാതിയുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയിൽ പോയില്ല എന്നാണ് കമ്മീഷൻ്റെ ചോദ്യം.