വോട്ട് കൊള്ള; രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ‘ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച്’ സംഘടിപ്പിച്ചു

തിരുവനന്തപുരം; കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നടന്ന വോട്ട് കൊള്ള പുറം ലോകത്തെ അറിയിച്ച രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ‘ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച്’ സംഘടിപ്പിച്ചു. ‘വോട്ട് കള്ളൻ സിംഹാസനം വിട്ട് പോകുക’ എന്ന മുദ്രാവാക്യത്തോടെ കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വിവിധ ഡി.സി.സി.കൾ പങ്കെടുത്തു.

തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷനിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് നടന്ന മാർച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്‌തു. നാല് മാസത്തെ അന്വേഷണത്തിന് ശേഷം കൃത്യമായ തെളിവുകളുമായാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയതെന്നും ജനാധിപത്യത്തിൻ്റെ അടിത്തറ ഇളക്കുന്ന വോട്ടു ചോർച്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. ഇന്നത്തെ സുപ്രീം കോടതി വിധി ഇന്ത്യ മുന്നണിയുടെ വിജയമാണ്. ധാർമികമായി ഭരണത്തിൽ തുടരാൻ അവകാശമില്ലാത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് ലിസ്റ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയേ മതിയാകൂയെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ ബി.ജെ.പി.യുടെ ഏജൻ്റായി വന്നാൽ അത് അംഗീകരിക്കാനാവില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന മാർച്ചുകൾക്ക് പ്രമുഖ നേതാക്കൾ നേതൃത്വം നൽകി. എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ആലപ്പുഴയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, വയനാട്ടിൽ കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ., പത്തനംതിട്ടയിൽ യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എം.പി., കണ്ണൂരിൽ കെ. സുധാകരൻ എം.പി. എന്നിവർ നേതൃത്വം നൽകി.

‘ നൈറ്റ് മാർച്ചിൽ തൃശ്ശൂരിലെ വോട്ട് മോഷണവും തിരിമറിയും കോൺഗ്രസ് പുറത്തുകൊണ്ടുവരുമെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി തിരുവനന്തപുരത്ത് പറഞ്ഞു. ഈ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുകയാണെന്ന് വി.ഡി. സതീശനും നരേന്ദ്ര മോദിയും അമിത് ഷായും അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം ഇന്ത്യയിൽ യഥാർത്ഥ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും രമേശ് ചെന്നിത്തലയും മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. വിവിധ ജില്ലകളിൽ നടന്ന ഈ പ്രതിഷേധ മാർച്ചുകളിൽ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ, കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികൾ, ജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.

More Stories from this section

family-dental
witywide