
തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് ‘വോട്ട് ചോരി’ വിഷയത്തില്‍ കെപിസിസി വോട്ട് അധികാര്‍ സമ്മേളനം നടത്താനൊരുങ്ങുന്നു. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം നല്‍കിയെന്ന സംസ്ഥാന കോണ്‍ഗ്രസിൻ്റെ നിലപാടിലാണ് കേരളത്തിൽ രാഹുല്‍ ഗാന്ധിയെ തന്നെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനം നടത്തിയാല്‍ അത് സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തന ആവേശം പകരുവാൻ അടുത്ത മാസം സമ്മേളനം സംഘടിപ്പിക്കാനാണ് ലക്ഷ്യം. രാഹുല്‍ ഗാന്ധിയുടെ സൗകര്യം അറിഞ്ഞതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകൂ. വോട്ട് ചോര്‍ച്ച വിവാദം തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഉയരുന്ന സാഹചര്യത്തില്‍ ഈ സമ്മേളനം ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
ഒരു ലക്ഷം പേരോളം പങ്കെടുക്കുന്ന മഹാസമ്മേളനം മലബാറില്‍ നടത്താനാണ് കെ പി സി സി ലക്ഷ്യമിടുന്നത്. രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മറ്റു പരിപാടികളും കെപിസിസി ആലോചിക്കുന്നുണ്ട്. ബീഹാറിലേതിന് സമാനമായ രീതിയില്‍ വോട്ട് അധികാര്‍ യാത്ര സംഘടിപ്പിക്കുവാനുള്ള സാവകാശം ഇല്ലാത്തതിനാല്‍ രാഹുല്‍ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് കേരളത്തില്‍ സമ്മേളനം നടത്താനാണ് കെ പി സി സി യുടെ ആലോചന.