
ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആക്രമണം ശക്തമാക്കി.
ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന വലിയ ബാനറുമായി പ്രതിപക്ഷ എംപിമാർ വോട്ടെടുപ്പ് കമ്മീഷണർക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം കടുപ്പിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ കൂടാതെ, പാനലിലെ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവിന്റെയും വിവേക് ജോഷിയുടെയും ചിത്രങ്ങളും ബാനറിലുണ്ടായിരുന്നു. ബാനറിൽ “വോട്ട് ചോർ” എന്നതും ‘സൈലന്റ് ഇൻവിസിബിൾ റിഗ്ഗിംഗ്’ എന്നും വോട്ടുമോഷണ ആരോപണത്തെ എടുത്തുകാട്ടാൻ എഴുതിയിരുന്നു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാണ് പാർലമെന്റ് സമുച്ചയത്തിൽ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവരുൾപ്പെടെ പ്രമുഖ പ്രതിപക്ഷ നേതാക്കളും എംപിമാരും പ്രതിഷേധത്തിൻറെ ഭാഗമായി. പ്രതിഷേധത്തിന്റെ വീഡിയോ പിന്നീട് എക്സിലെ ഒരു പോസ്റ്റിൽ ഖാർഗെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. “തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ ഭരണഘടനാ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഇന്ത്യ സഖ്യം തെളിവുകൾ സഹിതം ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താതെ അന്വേഷണം നടത്തി ഉത്തരം നൽകണം!” ഖാർഗെ എക്സിലെ പോസ്റ്റിൽ പറഞ്ഞു. തെരുവുകളിൽ നിന്ന് പാർലമെന്റിലേക്ക്, വോട്ടവകാശത്തിനായുള്ള പോരാട്ടം തുടരുന്നു,” എന്നും അദ്ദേഹം പറഞ്ഞു.