
ന്യൂഡൽഹി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടു മോഷണം നടത്തിയാണ് മോദി സർക്കാർ അധികാരത്തിലെത്തിയതെന്ന പ്രതിപക്ഷ ആരോപണം ശക്തമാക്കുന്നതിനിടെ, വോട്ട് കൊള്ള വിശദമാക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ജനങ്ങളിലേക്ക്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ ഇന്നുമുതൽ 30 വരെ ‘വോട്ടർ അധികാർ യാത്ര” നടക്കും. ഇന്ന് ബീഹാറിലെ സാസാറാമിൽ മെഗാ റാലിയോടെയാണ് വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കമാകുക.
16 ദിവസം 23 സംസ്ഥാനങ്ങളിലൂടെ ഏകദേശം 1300ൽപ്പരം കിലോമീറ്റർ സഞ്ചരിച്ച് കാര്യങ്ങൾ വിശദീകരിക്കും. ഇന്ത്യ സഖ്യത്തിലെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ളവർ യാത്രയുടെ ഭാഗമാകും. ഔറംഗബാദ്, ഗയ, നവാഡ, നളന്ദ, കട്ടിഹർ, ദർഭംഗ, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച്, ചപ്ര വഴി ആര വരെയാണ് യാത്ര. സെപ്‌തംബർ ഒന്നിന് പാട്നയിൽ മെഗാ വോട്ടർ അധികാർ റാലിയോടെ സമാപിക്കും. വോട്ടു ചെയ്യാനുള്ള അവകാശം നിലനിറുത്താൻ യാത്രയ്‌ക്കൊപ്പം അണിചേരാൻ കോൺഗ്രസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.