തൃശൂരിലും വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിൽ നിന്ന് ചേർത്തത് 11 വോട്ടുകളെന്ന് ജോസഫ് ടാജറ്റ്

തൃശൂർ: ബിജെപി തൃശൂരിലും വോട്ടർ പട്ടിക ക്രമക്കേട് നടത്തിയെന്നും സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ചേർത്തുവെന്ന ​ഗുരുതര ആരോപണവുമായി തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. ബിജെപിക്കെതിരെ വാർത്താസമ്മേളനം നടത്തിയാണ് ഡിസിസി അധ്യക്ഷൻ്റെ ആരോപണം. സുരേഷ് ഗോപിയുടെ വീട്ടിൽ നിന്ന് സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടുകളാണ് ചേർത്തതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. എന്നാൽ സുരേഷ് ​ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോൾ വോട്ടർപട്ടികയിലുള്ള താമസക്കാരില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേർക്കുകയായിരുന്നു.

വാർഡ് നമ്പർ 30 ൽ വോട്ട് ചേർത്തത് അവസാനഘട്ടത്തിലാണ്. 45 പേരുടെ വോട്ടുകളിൽ പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ പരാതി നൽകിയിരുന്നു. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ട് ചെയ്യാം എന്ന നിലപാടാണ് അന്ന് കളക്ടർ സ്വീകരിച്ചത്. ഇക്കാര്യത്തിൽ സ്വതന്ത്രമായി അന്വേഷണം വേണം. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകൾ ചേർത്തു എന്നാണ്. 10 ഫ്ലാറ്റുകളിലായി അമ്പതോളം പരാതികൾ അന്ന് നൽകിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നൽകിയ പത്രക്കുറിപ്പ് വസ്തുതാവിരുദ്ധമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അത്തരമൊരു നീക്കം. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി വ്യാപകമായി വോട്ടർ പട്ടികയിൽ അട്ടിമറി നടത്തിയെന്ന ആരോപണം ഉന്നയിച്ചത്.

നിരവധി വോട്ടർമാരെ മറ്റ് മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ബിജെപി നിരവധി ബൂത്തുകളിൽ ചേർത്തിട്ടുണ്ട്. ഫോറം 6 പ്രകാരമല്ല പുതിയ വോട്ടർമാരെ ചേർത്തിരിക്കുന്നത്. പുതിയ വോട്ടർമാരിൽ ഭൂരിഭാഗവും 45 മുതൽ 70 വയസ്സ് വരെയുള്ളവരാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. തൃശൂരിലെ വോട്ടർ പട്ടികയിലെ സംശയങ്ങൾ ദൂരീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇലക്ഷൻ കമ്മീഷന്റെ സൈറ്റ് ബ്ലോക്ക് ആയതിനാൽ പരിശോധിക്കാനാകുന്നില്ല. തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ നടന്ന സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്നും ഡിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide